Trending

News Details

ലോക നേഴ്സസ് ദിനത്തിൽ ആശംസകളുമായി കല കുവൈറ്റ്.

  • 12/05/2022
  • 338 Views

കുവൈറ്റ് സിറ്റി: ലോക നേഴ്സസ് ദിനത്തിൽ ആശംസകളുമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്. നേഴ്‌സുമാർ സമൂഹത്തിനു നൽകുന്ന നിസ്വാർത്ഥ സേവനങ്ങളെ അനുസ്മരിക്കാനാണ് ആധുനിക നഴ്സിംഗിന്റെ മാതാവായി കണക്കാക്കുന്ന ഫ്ലോറെൻസ്നെറ്റിൽഗേളിന്റെ ജന്മദിനമായ മെയ് 12നു എല്ലാവർഷവും നേഴ്സസ് ദിനമായി ആചരിക്കുന്നത്. ആധുനിക അതുരശുശ്രൂഷ പ്രവർത്തനങ്ങളുടെയും നഴ്‌സിംഗിൻറെയും, ആശുപത്രി നവീകരണത്തിൻറെയും തുടക്കക്കാരിയായിരുന്നു ഇവർ. ആശുപത്രി ശുചിത്വം ഒന്നുകൊണ്ടു മാത്രം മരണനിരക്ക് ഗണ്യമായി കുറയ്ക്കാം എന്ന ഫ്‌ളോറൻസിൻറെ സിദ്ധാന്തം പിന്നീട് ലോകമൊട്ടാകെയുള്ള ആശുപത്രികളിൽ പ്രാവർത്തികമാക്കുകയും, മനുഷ്യരാശിയുടെ ഗതി തന്നെ മാറ്റി മറിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായ കോവിഡ് മഹാമാരിക്കെതിരായുള്ള യുദ്ധമുഖത്ത് ഏറ്റവും മുൻ നിരയിൽ നിന്നവരാണ് നേഴ്സുമാർ. മറ്റേതൊരു മേഖലയിലുമുള്ള ആരോഗ്യപ്രവർത്തകരെക്കാളും രോഗിയുമായി ഏറ്റവും അധികം സമ്പർക്കത്തിൽ വരുന്നത് കൊണ്ട് തന്നെ ഈ മഹാമാരിയുടെ ഭീഷണി ഏറ്റവും അധികം ബാധിച്ചതും നഴ്സിംഗ് സമൂഹത്തെയാണ്.
ആഗോള തലത്തിൽ ആരോഗ്യം സംരക്ഷിക്കേണ്ടതിന് നഴ്സിംഗ് മേഖലയെ കൂടുതൽ കാര്യക്ഷമവും കരുത്തുറ്റതും ആക്കണമെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. നേഴ്സസ് ദിനത്തോടനുബന്ധിച്ചു ലോക ആരോഗ്യ സംഘടനയുടെ ഈ വർഷത്തെ ആശയവും ഇത് തന്നെയാണ്. ഒരു തൊഴിൽ എന്നതിലുപരി ലോകാരോഗ്യത്തിന് വേണ്ടി ത്യാഗോജ്ജ്വലമായ സേവനം അർപ്പിക്കുന്ന നേഴ്സുമാരെ അഭിവാദ്യം ചെയ്യുന്നതായി കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശൈമേഷ് കെ , ജനറൽ സെക്രട്ടറി ജെ സജി എന്നിവർ ആശംസ സന്ദേശത്തിലൂടെ അറിയിച്ചു.