കൊയിലാണ്ടി എംഎൽഎയും സിപിഐഎം നേതാവുമായ കാനത്തിൽ ജമീലയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
കുവൈറ്റ് സിറ്റി: കൊയിലാണ്ടി എംഎൽഎയും സിപിഐഎം നേതാവുമായ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നിലവിൽ സിപിഐഎം
കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. 1995 ൽ തലക്കുളത്തൂർ പഞ്ചായത്തിൽ മത്സരിച്ച് ജയിച്ചാണ് പൊതുപ്രവർത്തനത്തിലേക്ക് സജീവമാകുന്നത്. പിന്നീട് ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുള്ള കാനത്തിൽ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. 2021 ൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്ക് എത്തിയത്. മൂന്ന് പതിറ്റാണ്ട് പൊതുപ്രവർത്തന രംഗത്ത് തിളങ്ങി നിന്ന വ്യക്തിത്വമായിരുന്ന കാനത്തിൽ ജമീല ആരോഗ്യനില മെച്ചപ്പെട്ടപ്പോഴെല്ലാം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിച്ച നേതാവായിരുന്നു.
കോഴിക്കോട് കുറ്റ്യാടി, ടി കെ അലിയുടെയും ടി കെ മറിയത്തിന്റെയും മകളാണ് കാനത്തിൽ ജമീല, ഭർത്താവ് അബ്ദുൽ റഹ്മാൻ. പൊതുപ്രവർത്തനരംഗത്തുള്ള അസാമാന്യമായ പ്രവർത്തനം കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സഖാവിന്റെ വിയോഗത്തിൽ കേരള ആർട്ട് ലവേർസ് അസോസിയേഷൻ - കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തുന്നതായി കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി വി ഹിക്മത് എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു.