കല കുവൈറ്റ് 47മത് പ്രവർത്തന വർഷത്തെ സമ്മേളനങ്ങൾക്ക് തുടക്കമായി.
കുവൈറ്റ് സിറ്റി: കല കുവൈറ്റ് 47മത് പ്രവർത്തന വർഷത്തെ സമ്മേളനങ്ങൾക്ക് ഫഹാഹീൽ മേഖലയിലെ വഫ്ര യൂണിറ്റ് സമ്മേളനത്തോടെ തുടക്കമായി. സ: വി. എസ്. അച്യുതാനന്ദന്റെ പേരിൽ നാമകരണം ചെയ്ത നഗറിൽ (വഫ്ര) കല കുവൈറ്റ് പ്രസിഡണ്ട് സ: മാത്യു ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം പി. വി വേണുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഷിജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. കൺവീനർ അനൂപ് പ്രഭാകരൻ യൂണിറ്റ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്ക് യൂണിറ്റ് കൺവീനർ അനൂപ് പ്രഭാകരൻ, കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് എന്നിവർ മറുപടി നൽകി. അടുത്ത പ്രവർത്തന വർഷത്തേക്കുള്ള 15 അംഗ യൂണിറ്റ് എക്സിക്യൂട്ടീവ് പാനൽ മേഖല എക്സിക്യൂട്ടീവ് അംഗം വി. വി. രംഗൻ അവതരിപ്പിച്ചു. തുടർന്ന് സമ്മേളനം അനൂപ് പ്രഭാകരനെ വീണ്ടും കൺവീനറായും ജോ.കൺവീനർമാരായി രാജൻ തായത്ത്, ഷിജിത്ത് എന്നിവരെയും തെരഞ്ഞെടുത്തു. മേഖല സമ്മേളന പ്രതിനിധികളുടെ പാനൽ കൺവീനർ അവതരിപ്പിച്ചു.
കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, മേഖല സെക്രട്ടറി സജിൻ മുരളി, കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ് സെൽവരാജ്, ഫഹാഹീൽ മേഖല പ്രസിഡന്റ് അരവിന്ദൻ കൃഷ്ണൻകുട്ടി എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. അജികുമാർ കുട്ടപ്പൻ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് അനൂപ് നന്ദി രേഖപ്പെടുത്തി.