Trending

News Details

കല കുവൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ്; ജലീബ് എ ജേതാക്കളായി.

  • 21/11/2025
  • 9 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അംഗങ്ങൾക്കായി വർഷം തോറും നടത്തിവരുന്ന ക്രിക്കറ്റ്‌ ടൂർണമെന്റിലെ ഈ വർഷത്തെ ഫൈനൽ മത്സരം നവംബർ 21 വെള്ളിയാഴ്ച അബൂഹലീഫ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ നടന്നു. ആവേശകരമായ ഈ ഫൈനൽ മത്സരത്തിൽ അബ്ബാസിയ സൗത്ത് സീ ഉയർത്തിയ 80 റൺസെന്ന വിജയലക്ഷ്യം 5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നുകൊണ്ട് ജലീബ് എ ചാമ്പ്യന്മാരായി.
25 ഓളം ടീമുകൾ പങ്കെടുത്തുകൊണ്ട് നവംബർ 14, വെള്ളിയാഴ്ച്ച നടന്ന ആദ്യഘട്ട മത്സരങ്ങൾക്ക് ശേഷമാണ് ഈ ഫൈനൽ മത്സരം നടന്നത്. ഒട്ടേറെ കായിക പ്രേമികൾ മത്സരം വീക്ഷിക്കാൻ രാവിലെ തന്നെ എത്തിച്ചേർന്നു. മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിൽ കല കുവൈറ്റ് പ്രസിഡന്റ്‌ മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി വി ഹിക്മത്, കായിക വിഭാഗം സെക്രട്ടറി ശരത് ചന്ദ്രൻ എന്നിവർ ടൂർണമെന്റിൽ പങ്കെടുത്ത ടീമുകൾക്ക്‌ അഭിനന്ദനങ്ങൾ അറിയിച്ചു സംസാരിച്ചു. തുടർന്ന് വിജയികൾക്കും റണ്ണേഴ്സപ്പിനുമുള്ള ട്രോഫികൾ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ചേർന്ന് കൈമാറി. വ്യക്തിഗത ഇനങ്ങളിൽ മാൻ ഓഫ് ദി ടൂർണമെന്റായും ബെസ്റ്റ് ബോളറായും ജിതിൻ ജോസും, മാൻ ഓഫ് ദി മാച്ചായി പീറ്ററും, ബെസ്റ്റ് ബാറ്റ്സ്മാനായി ജിതിൻ മണിയും തെരെഞ്ഞെടുക്കപ്പെട്ടു. വ്യക്തിഗത സമ്മാനങ്ങൾ കേന്ദ്ര കമ്മിറ്റി അംഗങ്ങളും നാല് മേഖല പ്രസിഡന്റുമാരും ചേർന്ന് കൈമാറി. ജയൻ, അശോകൻ കൂവ എന്നിവർ ഫൈനലിൽ അമ്പയർമാരായി. മത്സരവുമായി ബന്ധപ്പെട്ട് വിവിധ സബ്കമ്മിറ്റികളുടെ ചുമതലക്കാരായി ഷൈജു ജോസ്, അജിത് വർഗീസ്, പ്രജോഷ്, റിതിൻ ഭരതൻ, പ്രമോദ്, കിരൺ ബാബു, രഞ്ജൻ, മനീഷ് എന്നിവർ പ്രവർത്തിച്ചു.