കുവൈറ്റ് സിറ്റി: അതുല്യ കലാനുഭവങ്ങളും പ്രവാസികളുടെ വൻപങ്കാളിത്തവും ചേർന്ന് ശ്രദ്ധേയമായി കല കുവൈത്ത് 'മേഘമൽഹാർ' സാംസ്കാരികമേള. മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്തിൽ നൽകിയ സ്വീകരണത്തിനുശേഷം ഇതേ വേദിയിൽ പ്രശസ്ത ഗായിക മൃദുല വാര്യറും, സിയാദും ചേർന്ന് അവതരിപ്പിച്ച ഗാനസന്ധ്യ അരങ്ങേറി. ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത്, ട്രഷറർ പി ബി സുരേഷ്, പ്രധാന പ്രായോജകർ അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, സഹപ്രായോജകർ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ എന്നിവർ സംസാരിച്ചു. കല കുവൈത്ത് മുഖമാസിക 'കൈത്തിരി', ഈ വർഷത്തെ ഔദ്യോഗിക സുവനീർ എന്നിവ വേദിയിൽ പ്രകാശിപ്പിച്ചു.
ഈ ചടങ്ങിൽ വച്ച് കല കുവൈത്ത് ബാലകലാമേളയിലെ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് പുരസ്‌കാരം ഫഹാഹീൽ അൽ വതാനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂളിന് കൈമാറി, കൂടാതെ കലാതിലകം ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിലെ റുത് ആൻ ടോബിയും, കലാപ്രതിഭ മംഗഫ് ഇന്ത്യ ഇന്റർനാഷണൽ സ്കൂളിലെ രോഹിത് എസ് നായരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് പ്രവീൺ പി വി സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ നന്ദിയും അറിയിച്ചു.