കുവൈറ്റ് സിറ്റി: കേരളത്തിന്റെ വികസന തുടർച്ചയ്ക്കായി ഇടതു പക്ഷ ജനാധിപത്യ മുന്നണി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് കെ.കെ ശൈലജ ടീച്ചർ. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് സംഘടിപ്പിച്ച മേഘമൽഹാർ മെഗാ സാംസ്‌കാരിക മേളയുടെ വിളംബര സമ്മേളത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടീച്ചർ. സമാനതകൾ ഇല്ലാത്ത വികസന കുതിപ്പ് ആണ് കഴിഞ്ഞ 9 വർഷം കേരളം കണ്ടത്. അടിസ്ഥാന സൗകര്യങ്ങളിലും ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും അഭൂതപൂർവ്വമായ മാറ്റമാണ് കേരളത്തിൽ ഉണ്ടായത്.  അതിദാരിദ്ര്യം ഇല്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്.  ലക്ഷക്കണക്കിന് ഭവനരഹിതർ ലൈഫ് മിഷൻ വഴി വീടുകൾ നൽകുന്നതിന് സർക്കാരിന് സാധിച്ചു.  ജനങ്ങൾ ഇടതുപക്ഷത്തെ തന്നെ വീണ്ടും അധികാരത്തിൽ എത്തിക്കുമെന്നും ടീച്ചർ പറഞ്ഞു.  
അബ്ബാസിയ സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു . ലോക കേരള സഭാഗം ആർ നാഗനാഥൻ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  നവംബർ 7ന് നടക്കുന്ന കലയുടെ മെഗാ സാംസ്‌കാരിക മേള മേഘമൽഹാർ-2025 ന്റെ മുന്നോടിയായാണ് വിളംബര സമ്മേളനം സംഘടിപ്പിച്ചത്.  
കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം ജേക്കബ് മാത്യു, ലോക കേരള സഭാഗം ആർ.നാഗനാഥൻ, കല കുവൈറ്റ് ട്രഷറർ പി.ബി സുരേഷ്, വൈസ് പ്രസിഡന്റ് പ്രവീൺ പി.വി, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി.പി, മേഘമൽഹാർ സ്വാഗത സംഘം കൺവീനർ ജെ. സജി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു . 
കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പേരാണ് പരിപാടിയിൽ എത്തിച്ചേർന്നത്. പരിപാടിക്ക് കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് സ്വാഗതവും ട്രഷറർ പി.ബി സുരേഷ് നന്ദിയും പറഞ്ഞു.