Trending

News Details

കല കുവൈറ്റിന്റെ നേതൃത്വത്തിൽ പ്രവാസി മലയാളികൾക്കായി നാടകമത്സരം സംഘടിപ്പിച്ചു. "മന്വന്തരം" മികച്ച നാടകം.

  • 14/09/2025
  • 3 Views

കുവൈറ്റ് സിറ്റി: നാടകകലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റിന്റെ നേതൃത്വത്തിൽ പ്രവാസി മലയാളികൾക്കായി നാടകമത്സരം സംഘടിപ്പിച്ചു. സെപ്റ്റംബർ 12ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ച് നടന്ന ചെറുനാടകങ്ങളുടെ മത്സരത്തിൽ 13 സംഘങ്ങളുടെ വ്യത്യസ്തയാർന്ന നാടകങ്ങളാണ് അരങ്ങേറിയത്. രാവിലെ കൃത്യം 11ന് തുടങ്ങിയ മത്സരങ്ങൾ വൈകുന്നേരം 8 മണിയോടെ അവസാനിച്ചു. കല കുവൈറ്റ് പ്രസിഡന്റ്‌ മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഉദ്‌ഘാടന ചടങ്ങിൽ പ്രമുഖ ചലച്ചിത്ര-നാടക നടൻ സന്തോഷ് കീഴാറ്റൂർ മത്സരം ഉദ്ഘാടനം ചെയ്തു. ലോക കേരളസഭ അംഗം ആർ നാഗനാഥൻ ആശംസയറിയിച്ചു സംസാരിച്ചു. കല കുവൈറ്റ് ട്രഷറർ പി ബി സുരേഷ്, വൈസ് പ്രസിഡണ്ട് പ്രവീൺ പി വി, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, കല വിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ്, സാൽമിയ മേഖല സെക്രട്ടറി അൻസാരി കടക്കൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് സ്വാഗതം ആശംസിച്ച ചടങ്ങിന് സ്വാഗതസംഘം ജനറൽ കൺവീനർ സണ്ണി ഷൈജേഷ് നന്ദി രേഖപ്പെടുത്തി.
മികച്ച നിലവാരം പുലർത്തിയ നാടകങ്ങൾ ആസ്വാദകർക്ക് അവിസ്മരണീയമായ അനുഭവം പകർന്നു. കേരളത്തിലെ നവോത്ഥാന ആശയങ്ങൾക്ക്‌ ശക്തി പകരാൻ മുന്നിൽ നിന്ന കലാരൂപമായ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ പ്രേക്ഷകരെ ഗതകാല സ്മരണകളിലേക്ക് കൊണ്ട് പോകാൻ ചില നാടകങ്ങൾക്ക് കഴിഞ്ഞു. ഈ കലാമാമാങ്കത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത നടൻ സന്തോഷ് കീഴാറ്റൂർ നാടകങ്ങളുടെ വിധിനിർണ്ണയവും നടത്തി. ഒട്ടേറെ വ്യത്യസ്തയാർന്ന പ്രവർത്തനങ്ങൾ നടത്തുക വഴി പ്രവാസി സംഘടനകൾക്ക് തന്നെ മാതൃകയായ കല കുവൈറ്റിന്റെ പ്രഥമ നാടകമത്സരം വരും കാലങ്ങളിൽ ഇതിലും വിപുലമായി നടത്താൻ സാധിക്കട്ടെ എന്ന് നടൻ സന്തോഷ്‌ കീഴാറ്റൂർ ആശംസിച്ചു. മത്സരത്തിൽ ഏറ്റവും മികച്ച നാടകമായി "മന്വന്തരം" തെരെഞ്ഞെടുക്കപ്പെട്ടു. രണ്ടും മൂന്നും സ്ഥാനങ്ങൾക്ക്‌ യഥാക്രമം "അടയാളങ്ങൾ", "ഭൂഗോളത്തിലെ അതിരുകൾ" എന്നിവയും അർഹമായി. മികച്ച നടനായി സജിത്ത് കുമാർ (തല മുറകളുടെ ഭാരം), നടിയായി ലിൻസി ബിപിൻ (മന്വന്തരം), കൂടാതെ ചൈൽഡ് ആർട്ടിസ്റ്റ് - ശ്രീവേദ (അടയാളങ്ങൾ), നാടക രചന - പ്രശാന്ത് നാരായണൻ (മന്വന്തരം), സംവിധാനം - രാജീവ്‌ ദേവനന്ദനം (മന്വന്തരം) എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു. ഇതിന് പുറമെ സ്പെഷ്യൽ ജൂറി അവാർഡ് വിഭാഗത്തിൽ തലമുറകളുടെ ഭാരം എന്ന നാടകത്തിലെ ദിനേശ് കേളിയും, ഭൂതം ഭാവി വർത്തമാനം എന്ന നാടകത്തിലെ കുട്ടികളായ ഏഞ്ചൽ മറിയ ഷിജോഷ്, ഗിഫ്റ്റി മറിയ ജോസഫ്, റഷ്‌ദാൻ എന്നിവരും അർഹരായി.
ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിലെ ഓഡിറ്റോറിയം നാടകം തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ കാണികളാൽ തിങ്ങിനിറഞ്ഞു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാടക പ്രേമികൾ മത്സരം വീക്ഷിക്കാൻ എത്തിച്ചേർന്നു. കല കുവൈറ്റിന്റെ നാൾവഴികളിൽ മറ്റൊരു മികവാർന്ന അധ്യായം കൂടി കൂട്ടിച്ചേർത്ത് കൊണ്ടാണ് ഈ നാടകമത്സരത്തിന് തിരശ്ശീല വീണത്.