പുസ്തക ആസ്വാദനം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിമാസ പുസ്തക ആസ്വാദനം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് ജോബിൻ ജോണിന്റെ അധ്യക്ഷതയിൽ മെഹ്ബൂള കല സെന്ററിൽ നടന്ന പരിപാടി കല കുവൈറ്റ് സാഹിത്യവിഭാഗം സെക്രട്ടറി മണികണ്ഠൻ വട്ടംകുളം ഉദ്ഘാടനം ചെയ്തു. പതിവിലും വ്യത്യസ്തമായി ഇത്തവണ ബാലവേദി കുട്ടികളാണ് പുസ്തക അവതരണം നടത്തിയത്. ബാലവേദി കുവൈറ്റ് മിന്നാമിന്നി ക്ലബ് സെക്രട്ടറി എറിക് ജോൺസൺ ബഷീറിന്റെ നോവൽ 'ബാല്യകാലസഖി' യും, ബാലവേദി അബുഹലിഫ മേഖല സെക്രട്ടറി കെവിൻ റാംനാഥ് 'പാത്തുമ്മയുടെ ആട്' എന്ന നോവലും അവതരിപ്പിച്ചു. നിരവധിപേർ പുസ്തക ആസ്വാദനത്തിന്റെ ഭാഗമായി തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. പാത്തുമ്മയുടെ ആട് എന്ന നോവലിനെ ആസ്പദമാക്കി ബാലവേദി കൂട്ടുകാർ അവതരിപ്പിച്ച ദൃശ്യാവിഷ്കാരവും പരിപാടിയെ മികവുറ്റത്താക്കി. അബുഹലിഫ മേഖല ആക്ടിങ് സെക്രട്ടറി ശങ്കർ റാം സ്വാഗതം ആശംസിച്ച പരിപാടിക്ക് മേഖല സാഹിത്യ വിഭാഗം ചുമതല വഹിക്കുന്ന ഗായത്രി നന്ദി രേഖപ്പെടുത്തി.