Trending

News Details

ബാലവേദി കുവൈറ്റ് സാൽമിയ മേഖല സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

  • 17/08/2025
  • 80 Views

കുവൈറ്റ് സിറ്റി: ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ബാലവേദി കുവൈറ്റ്, സാൽമിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
സാൽമിയ ഇന്ത്യൻ പബ്ലിക് സ്ക്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി ബാലവേദി മിന്നാരം ക്ലബ് പ്രസിഡന്റ് ലാമിയ നസ്‌റിന്റെ അധ്യക്ഷതയിൽ കുവൈറ്റിലെ പ്രമുഖ നോവലിസ്റ്റും സാമൂഹിക പ്രവർത്തകനുമായ പ്രേമൻ ഇല്ലത്ത് ഉദ്‌ഘാടനം ചെയ്തു. മാമ്പഴം ക്ലബ് സെക്രട്ടറി സെഹ്‌ന നസ്‌റിൻ സ്വാതന്ത്ര്യദിന സന്ദേശവും സ്വാതന്ത്ര്യദിന പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കല കുവൈറ്റ് ആക്റ്റിംഗ്‌ സെക്രെട്ടറി ജെ സജി, ബാലവേദി കുവൈറ്റ്‌ കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കല കുവൈറ്റ് സാൽമിയ മേഖല ആക്റ്റിംഗ്‌ പ്രസിഡന്റുമായ ജോർജ് തൈമണ്ണിൽ, മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ബെറ്റി അഗസ്റ്റിൻ, സാൽമിയ മേഖല ബാലവേദി കോർഡിനേറ്റർ ഷിജു കുട്ടി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സാൽമിയ ബാലവേദി മാരിവിൽ വൈസ് പ്രസിഡന്റ് റിയോണ ജോജി സ്വാഗതം പറഞ്ഞ ചടങ്ങിന് മാമ്പഴം ക്ലബ് സെക്രട്ടറി ഇവാൻ ഷിനോജ് നന്ദി അറിയിച്ചു. ബാലവേദി ക്ലബ്ബുകൾ പങ്കെടുത്ത സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം എന്ന വിഷയത്തെ ആസ്പദമാക്കിയ പോസ്റ്റർ രചനയോട് കൂടിയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ബാലവേദി കുട്ടികൾ അവതരിപ്പിച്ച ഭരണഘടനയുടെ ആമുഖം വിശകലന പരിപാടിയിൽ എബിൻ അജീഷ്, ജിഗർ ഗിരീഷ് എന്നിവർ മോഡറേറ്റർമാരായിപ്രവർത്തിച്ചു. പ്രച്ഛന്നവേഷം, ദേശഭക്തി ഗാനങ്ങൾ, ഗ്രൂപ്പ് ഡാൻസ് എന്നീ കലാപരിപാടികളും അരങ്ങേറി. മേഖലയിലെ ബാലവേദി കുട്ടികൾ അവതരിപ്പിച്ച ദി ഫ്രീഡം എന്ന ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധ ആകർഷിച്ചു. ബാലവേദി കുട്ടികളായ റിയോണയും, ലാമിയയും പരിപാടികൾ നിയന്ത്രിച്ചു. പോസ്റ്റർ രചന മത്സരത്തിൽ മയൂരി ക്ലബ്‌ ഒന്നാം സ്ഥാനവും, മന്ദാരം ക്ലബ്‌ രണ്ടാം സ്ഥാനവും, മാമ്പഴം ക്ലബ്‌ മൂന്നാം സ്ഥാനവും നേടി. ഫാൻസി ഡ്രസ്സ്‌ മത്സരത്തിൽ മാരിവിൽ ക്ലബ്ബിലെ മിഴി രഞ്ജിത്ത് ഒന്നാം സ്ഥാനവും, മയൂഖം ക്ലബ്ബിലെ ജെറാമിയ പ്രിൻസ് ‌ രണ്ടാം സ്ഥാനവും, മാരിവിൽ ക്ലബ്ബിലെ റെബേക്ക എൽസ ജോജി മൂന്നാം സ്ഥാനവും നേടിയപ്പോൾ പ്രോത്സാഹന സമ്മാനത്തിന് ആഗ്നേയയും ജാൻവി അനൂപും അർഹരായി. കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങൾ, ബാലവേദി മാതൃഭാഷ സമിതി അംഗങ്ങൾ, ബാലവേദി ഭാരവാഹികൾ തുടങ്ങിയവർ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ ബാലവേദി ക്ലബ്ബുകളിൽനിന്നും മാതൃഭാഷ ക്ലാസുകളിൽ നിന്നും നൂറോളം കുട്ടികൾ ഉൾപ്പെടെ ഇരുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.