സാഹിത്യ സദസ്സ് സംഘടിപ്പിച്ചു.
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് - അബ്ബാസിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുക, ലൈബ്രറിയുടെ പ്രവർത്തനം വിപുലീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രതിമാസം നടത്തിവരാറുള്ള പുസ്തകാസ്വാദന സാഹിത്യസദസ് അബ്ബാസിയ മേഖലാ പ്രസിഡന്റ് കൃഷ്ണ മേലത്തിന്റെ അധ്യക്ഷതയിൽ അബ്ബാസിയ കല സെന്ററിൽ വച്ച് നടന്നു. കുവൈറ്റ് കവിയരങ്ങ് പ്രസിദ്ധീകരിച്ച കുവൈറ്റിലെ എഴുത്തുകാരുടെ "മണലെഴുത്തുകൾ" എന്ന പുസ്തകത്തെ വിനോയ് വിൽസൺ, രാജീവ് ടി എൽ എന്നിവർ പരിചയപ്പെടുത്തി. അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി പി, കേന്ദ്രകമ്മിറ്റി അംഗം തോമസ് വർഗീസ് എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. മേഖല കമ്മിറ്റി അംഗം ജിതേഷ് രാജൻ മോഡറേറ്റർ ആയി പ്രവർത്തിച്ചു. "മണലെഴുത്ത്" പുസ്തകത്തിന്റെ രചയിതാക്കളും സന്നിഹിതരായിരുന്നു. മേഖല കമ്മിറ്റി അംഗം ബഷീർ സ്വാഗതം ആശംസിച്ച സാഹിത്യസദസ്സിന് മേഖല കമ്മിറ്റി അംഗം വിനീത് വിജയൻ നന്ദി പറഞ്ഞു.