Trending

News Details

കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കുക - കല കുവൈറ്റ്.

  • 01/08/2025
  • 110 Views

കുവൈറ്റ് സിറ്റി: മതസാഹോദര്യത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുന്നിൽ നിൽക്കുന്ന കേരളത്തിനെതിരെ അങ്ങേയറ്റം വിഷലിപ്തമായ രീതിയിൽ വർഗ്ഗീയ വിദ്വേഷം പടർത്തുന്ന വിധത്തിൽ സംഘപരിവാർ ശക്തികളുടെ ആജ്ഞാനുവർത്തികളാൽ സൃഷ്ടിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന പ്രൊപഗണ്ട സിനിമ ചെയ്തതിന് ഇന്ത്യയിലെ മികച്ച സംവിധായകനുള്ള പുരസ്കാരം നൽകിയത് രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. ലൗ ജിഹാദെന്ന ഇല്ലാക്കഥയാൽ കേരളത്തെ ദേശീയ തലത്തിൽ
അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയാണ് ഈ സിനിമ നിർമിച്ചത്. സംഘടിതമായ വിദ്വേഷ പ്രചരണമായിരുന്നു ഈ സിനിമയുടെ പശ്ചാത്തലത്തിൽ കേരളത്തിനെതിരെ ആസൂത്രണം ചെയ്യപ്പെട്ടത്. ഇത്തരമൊരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ പാരമ്പര്യത്തെയാണ് അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നത്. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണമെന്നും കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണമെന്നും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് പ്രസിഡന്റ്‌ മാത്യു ജോസഫ്, ആക്റ്റിംഗ് സെക്രട്ടറി ജെ സജി എന്നിവർ പത്രകുറിപ്പിലൂടെ അഭ്യർത്ഥിച്ചു.