കല കുവൈറ്റ് കേന്ദ്ര മാതൃഭാഷ സമിതി-2022 രൂപീകരിച്ചു; അവധിക്കാല ക്ലാസ്സുകൾ ജൂൺ രണ്ടാംവാരം ആരംഭിക്കും.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേർസ് അസ്സോസിയേഷൻ, കല കുവൈറ്റ് കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി നടത്തിവരുന്ന സൗജന്യമാതൃ ഭാഷാപഠന പദ്ധതിയുടെ 2022 വർഷത്തെ കേന്ദ്ര മാതൃഭാഷ സമിതി രൂപീകരണ യോഗം അബ്ബാസിയ കല സെന്ററിൽ നടന്നു. കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശൈമേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മാതൃഭാഷ ജനറൽ കൺവീനർ വിനോദ് ജോൺ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കലയുടെ വിവിധ മേഖലയിലെ മാതൃഭാഷ പ്രവർത്തകർ , അധ്യാപകർ എന്നിവർ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച് സംസാരിച്ചു. കേന്ദ്ര മാതൃഭാഷ സമിതി ജനറൽ കൺവീനർമാരായി വിനോദ് ജോണിനെയും, കൺവീനർമാരായി തോമസ് സെൽവൻ, ഉണ്ണി മാമർ എന്നിവരെ യോഗം തിരഞ്ഞെടുത്തു. മേഖല കൺവീനർമാരായി ബിജു സാമുവൽ (അബ്ബാസിയ), ഷാജു സി ടി (സാൽമിയ), വി കെ അജീഷ് (അബു ഹലീഫ), ഗോപിദാസ് (ഫാഹാഹീൽ) എന്നിവരെ തിരഞ്ഞെടുത്തു. കല അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ് സ്വാഗതവും മാതൃഭാഷ കൺവീനർ തോമസ് സെൽവൻ നന്ദിയും രേഖപ്പെടുത്തി. ഈ വർഷത്തെ അവധിക്കാല ക്ലാസ്സുകൾ ജൂൺ രണ്ടാംവാരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുവൈറ്റിന്റെ നാല് മേഖലയിൽ നിന്നും നിരവധി പേർ കേന്ദ്ര മാതൃഭാഷ സമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്തു.