Trending

News Details

കല കുവൈറ്റ് മാതൃഭാഷ പഠന പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു.

  • 18/07/2025
  • 107 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ നാല് മേഖലകളിലെയും മാതൃഭാഷ പഠന ക്ലാസ്സുകളിലെ അധ്യാപകരെ പങ്കെടുപ്പിച്ചു കൊണ്ട് അധ്യാപക പരിശീലനം സംഘടിപ്പിച്ചു. ജൂലൈ 18 വെള്ളിയാഴ്ച്ച അബ്ബാസിയ കല സെന്ററിൽ വച്ച് നടന്ന പരിശീലന പരിപാടി കല കുവൈറ്റ് ആക്ടിങ്ങ് പ്രസിഡന്റ്‌ പ്രവീൺ പി വിയുടെ അധ്യക്ഷതയിൽ ആരംഭിച്ചു. മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ ജോൺ ക്ലാസ്സുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗം അനിൽകുമാർ അധ്യാപകർക്ക് ക്ലാസ്സ്‌ നൽകി. കല കുവൈറ്റ് ആക്ടിങ്ങ് സെക്രട്ടറി പ്രസീദ് കരുണാകരൻ സ്വാഗതം ആശംസിച്ച പരിപാടിക്ക് അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി പി നന്ദി രേഖപ്പെടുത്തി.
കല കുവൈറ്റ് കഴിഞ്ഞ 35 വർഷങ്ങളായി നടത്തിവരുന്ന സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായുള്ള ഈ വർഷത്തെ മലയാളം ക്ലാസ്സുകൾ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു. ഒട്ടനവധി വിദ്യാർത്ഥികൾ ഇതിനോടകം തന്നെ ഈ ക്ലാസ്സുകളുടെ ഭാഗമായി പഠനം തുടങ്ങി. 'മലയാളത്തെ രക്ഷിക്കുക, സംസ്കാരത്തെ തിരിച്ചറിയുക' എന്ന ആശയം മുന്നോട്ടു വച്ചുകൊണ്ട് 1990 ൽ ആരംഭിച്ച ഈ സാംസ്കാരിക ദൗത്യത്തിൽ ഇതുവരെയായി പതിനായിരക്കണക്കിന് കുട്ടികളാണ് മലയാള ഭാഷാപഠനം പൂർത്തിയാക്കിയത്.