Trending

News Details

ബാലകലാമേള 2025, സംഘാടക സമിതി രൂപീകരിച്ചു.

  • 16/03/2025
  • 123 Views

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത്, കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി മെയ് 2ന് സംഘടിപ്പിക്കുന്ന ബാലകലാമേളയുടെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതിയുടെ രൂപീകരണം അബ്ബാസിയ കല സെന്ററിൽ വച്ച് നടന്നു. കല കുവൈറ്റ്‌ ആക്ടിങ്ങ് പ്രസിഡന്റ്‌ പി വി പ്രവീണിന്റെ അധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് കലാമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദീകരണം നടത്തി.
ബാലകലാമേളയുടെ ജനറൽ കൺവീനറായി ബിജോയി വിയെയും കൺവീനർമാരായി നവീൻ എളയാവൂർ, രാജു ചാലിൽ എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ സബ്കമ്മിറ്റി ചുമതലകളിലായി അശോകൻ കൂവ, രാഹുൽ (രജിസ്ട്രേഷൻ), ബിജു ജോസ് (വളണ്ടിയർ), റോബർട്ട്‌ രത്നരാജ് (ഫൂഡ്), ജെസ്റ്റിൻ, ബിനോയ്‌ വിൽസൺ, കിരൺ ബാബു (ട്രോഫി & സർട്ടിഫിക്കറ്റ്), ബിജു വിദ്യാനന്ദൻ (സ്റ്റേജ്), ഷംല ബിജു (പ്രോഗ്രാം), സുരേഷ് പി ബി, അജിത്ത് (റിസൾട്ട്‌), ജെബിൻ എബ്രഹാം (ഫിനാൻസ്), പ്രവീൺ പി വി (ടെക്നിക്കൽ), രജീഷ് സി (ജഡ്ജിങ്ങ് പാനൽ), പബ്ലിസിറ്റി - മീഡിയ സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റിക്ക് രൂപം കൊടുത്തു.
കിന്റർഗാർട്ടൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാല് വിഭാഗങ്ങളിലായി പതിനെട്ടോളം ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് അധികമായി ഒപ്പന, മൈമ്, ഗ്രൂപ്പ് സോങ്ങ് എന്നിവ കൂടി മത്സരങ്ങളിൽ ഉൾപ്പെടുത്തി. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മാതൃകയിൽ വിവിധ വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. കല കുവൈറ്റ്‌ ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ സ്വാഗതം ആശംസിച്ച ചടങ്ങിന് സംഘാടക സമിതി ജനറൽ കൺവീനർ ബിജോയ്‌ വി നന്ദി പ്രകാശിപ്പിച്ചു. അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി പി, കലാവിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ്ജ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.