Trending

News Details

വഫ്ര വിന്റർ ഫെസ്റ്റ് 2025 സംഘടിപ്പിച്ചു.

  • 14/02/2025
  • 40 Views

14 ഫെബ്രുവരി, 2025. കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ - കല കുവൈറ്റ്‌, വഫ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ വിന്റർ ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. വഫ്രയിലെ വിവിധ ഫാമുകളിലെ കർഷകർ, വില്ലകളിലും വിവിധ ഷാലേകളിലും ജോലിചെയ്യുന്നവർ ഉൾപ്പെടെ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നതും വളർത്തുന്നതുമായ
പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ, അലങ്കാര സസ്യങ്ങൾ, കൂൺ, വിവിധ തരം ഭക്ഷ്യ വിഭവങ്ങൾ, മധുര പലഹാരങ്ങൾ, പക്ഷികൾ, മുയൽ കൂടാതെ, കൃഷിക്കാവശ്യമായ ഉപകരണങ്ങൾ, വളം എന്നിവയുടെ പ്രദർശനവും വിപണനവുമായിരുന്നു മേളയുടെ പ്രധാന ആകർഷണം. തനത് ശൈലിയിൽ ക്രമീകരിച്ച നാടൻ വിഭവങ്ങളുടെ ഭക്ഷണശാല ഏറെ വ്യത്യസ്തമായിരുന്നു.
കുട്ടികൾക്കുള്ള ജമ്പിംഗ് കാസിൽ, ഹാങ്ങിങ് ചലഞ്ച്, ബാസ്കറ്റ് ബോൾ ത്രോ, നാടൻ കളികൾ തുടങ്ങിയ വിനോദങ്ങൾ കാഴ്ചക്കാർക്ക് ആവേശം പകർന്നു. അഞ്ചുമണിക്കൂർ നീണ്ടുനിന്ന പ്രദർശനത്തിൽ അപൂർവ്വ ഇനങ്ങളുടെ ലേലം നടക്കുകയുണ്ടായി. വിന്റർ ഫെസ്റ്റ്, യൂണിറ്റ് ജോ.കൺവീനർ രാജൻ തായത്തിൻ്റെ അധ്യക്ഷതയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് മാത്യു ജോസഫ്, ഫഹഹീൽ മേഖല സെക്രട്ടറി സജിൻ മുരളി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ട്രഷറർ പി ബി സുരേഷ്, വൈസ് പ്രസിഡൻ്റ് പ്രവീൺ പി വി, ജോയിൻ്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, മേഖല പ്രസിഡൻ്റ് അരവിന്ദ് കൃഷ്ണൻകുട്ടി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ആക്ടിംഗ് കൺവീനർ അനീഷ് പുരുഷോത്തമൻ സ്വാഗതം പറഞ്ഞ ഫെസ്റ്റിന് മേഖല എക്സിക്യൂട്ടീവ് അംഗം വി വി രംഗൻ നന്ദി രേഖപ്പെടുത്തി. കുവൈറ്റിലെ പ്രവാസി കുടുംബങ്ങൾക്കും തൊഴിലാളികൾക്കും മാനസിക ഉല്ലാസത്തിനും വിനോദത്തിനും ഇടമൊരുക്കിയ ഫെസ്റ്റിൽ 450ൽ അധികം ആളുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
See Translation