കല കുവൈറ്റ് അബുഹലിഫ മേഖലക്ക് പുതിയ ഭാരവാഹികൾ.
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ-കല കുവൈറ്റ് അബുഹലിഫ മേഖല സമ്മേളനം സ.അനിൽ കുമാർ നഗറിൽ (D P S സ്കൂൾ അഹമ്മദി) മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജി ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് സന്തോഷ് കെ ജി യുടെ താൽക്കാലിക അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ 19 യൂണിറ്റുകളിൽ നിന്നുമുള്ള 121 പ്രതിനിധികളും, മേഖല-കേന്ദ്ര കമ്മിറ്റി അംഗങ്ങൾ അടക്കം 169 പേര് പങ്കെടുത്തു.
മേഖല എക്സിക്യൂട്ടീവ് അംഗം സൂരജ് സുകുമാരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ ജി സന്തോഷ്, ജിതിൻ പ്രകാശ്, അരുണിമ പ്രകാശ് എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി രഞ്ജിത്ത് ടി എം പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 19 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 24 പേര് ചർച്ചയിൽ പങ്കെടുത്തു, മേഖല സെക്രട്ടറി രഞ്ജിത്ത് ടി എം, കല കുവൈറ്റ് പ്രസിഡന്റ് അനൂപ് മങ്ങാട്ട് എന്നിവർ അംഗങ്ങളുടെ ചർച്ചക്കുള്ള മറുപടി നൽകി തുടർന്ന് പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ടും സമ്മേളനം അംഗീകരിച്ചു. അടുത്ത പ്രവർത്തന വർഷത്തിൽ അബുഹലിഫ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെയും മേഖല കമ്മിറ്റിയുടെ പ്രസിഡന്റായി ജോബിൻ ജോണിനെയും, സെക്രട്ടറിയായി സന്തോഷ് കെ ജി യെയും സമ്മേളനം തെരഞ്ഞെടുത്തു. ജനുവരി 24 ന് നടക്കുന്ന കല കുവൈറ്റിന്റെ 46-ാമത് കേന്ദ്ര വാർഷിക സമ്മേളനത്തിലേക്ക് പ്രതിനിധികളേയും സമ്മേളനം തെരെഞ്ഞെടുത്തു.
വയനാട് ദുരന്തത്തിൽ കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിയമ ഭേദഗതിയിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറുക, ഇന്ത്യരാജ്യത്തിലെ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റു തുലയ്‌ക്കുന്ന കേന്ദ്രസർക്കാൻ നയം അവസാനിക്കുക. തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
കല കുവൈറ്റ് ട്രെഷറർ അനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ബിജോയ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
ഷാജി രവീന്ദ്രൻ, അസ്‌കർ, വിജേഷ് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും മണിക്കുട്ടൻ, സുമേഷ്, ഗായത്രി എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും പ്രസീത ജിതിൻ, സുരേഷ് ദാമോദരൻ, സുബിൻ കുമാർ എന്നിവർ പ്രമേയ കമ്മിറ്റിയുടേയും വിനോദ് പ്രകാശ്, അജിത തോമസ്, ജേക്കബ് സാം എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. സ്വാഗത സംഘം ചെയർമാൻ വിജുമോൻ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് അബുഹലിഫ മേഖലയുടെ പുതിയതായി തെരെഞ്ഞെടുത്ത സെക്രട്ടറി സന്തോഷ് കെ ജി നന്ദി പറഞ്ഞു.