Trending

News Details

പാട്ടിന്റെ പെരുമഴ തീർത്ത് കല കുവൈറ്റ് ദ്യുതി-2024 സാംസ്കാരികമേള സമാപിച്ചു.

  • 25/10/2024
  • 33 Views

കുവൈറ്റ്‌ സിറ്റി: പാട്ടിന്റെ പെരുമഴ തീർത്ത് കല കുവൈറ്റ് ദ്യുതി-2024 സാംസ്കാരികമേള സമാപിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട കവി മുരുകൻ കാട്ടാക്കടയുടെ മനോഹര കവിതകളും, അതുൽ നറുകരയുടെ മണ്ണിന്റെ മണമുള്ള പാട്ടുകളും ആര്യ ദയാലും, സച്ചിൻ വാര്യരും പിന്നണിയിൽ അനൂപ് കോവളവും മുബഷിറും ചേർന്നപ്പോൾ പാട്ടിന്റെ പാലാഴിയാണ് കല കുവൈറ്റിന്റെ മെഗാ സാംസ്കാരിക മേളയിൽ ഉണ്ടായത്.
സാംസ്കാരികമേള മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട ഉദ്‌ഘാടനം ചെയ്തു. രേണുകയും, സൂര്യകാന്തിപ്പൂവും, മനുഷ്യനാകണം എന്നതുൾപ്പെടെയുള്ള കവിതകളുടെ അവതരണത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗം.കാനന ചായയിൽ ആടുമേയ്ക്കാൻ എന്ന വിഖ്യാതമായ രമണലിലെ നഷ്ടപ്രണയത്തെ കുറിച്ചുള്ള ഗാനം കവി പാടിയപ്പോൾ നിറഞ്ഞ സദസ്സ് അതേറ്റുപാടി. ഹവല്ലി പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുവ്വായിരത്തിലധികം പേർ പങ്കെടുത്തു.
കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയ്ക്ക്‌ കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം പറഞ്ഞു. ലോക കേരളസഭ അംഗം ആർ നാഗനാഥൻ,പരിപാടിയുടെ പ്രധാന സ്പോൺസർ അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, സഹ സ്പോൺസർമാരായ ഫോണിക്സ് ചെയർമാൻ സുനിൽ പറക്കപാടത്ത്, മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ് മാനേജർ അജയ് കുമാർ, വനിതാവേദി ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കല കുവൈറ്റ്‌ കൈത്തിരി രണ്ടാം പതിപ്പ് പ്രകാശനവും, സോവനീർ പ്രകാശനവും ചടങ്ങിൽ വെച്ച്‌ നടന്നു. ബാലകലാമേള 2024 ഓവറോൾ ചാമ്പ്യൻഷിപ്പ്, കലാ തിലകം കലാ പ്രതിഭ എന്നിവർക്കുള്ള സമ്മാനദാനവും, സാഹിത്യമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് മുരുകൻ കാട്ടാക്കട നിർവഹിച്ചു.
‌ മാതൃഭാഷാ ജനറൽ കൺവീനർ അജ്നാസ് മുഹമ്മദ്‌ 2024 വർഷത്തെ മാതൃഭാഷ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ദ്യുതി 2024 ന്റെ മുഖ്യ സ്പോൺസർമാരായ അൽ മുല്ല എക്സ്ചേഞ്ച്, ഫോണിക്സ്, മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ്‌ എന്നീ കമ്പനികളെ കല കുവൈറ്റ്‌ ഭാരവാഹികൾ മൊമൊന്റോ നൽകി ആദരിച്ചു.
കല കുവൈറ്റ്‌ ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്, ജോയിൻ സെക്രട്ടറി ബിജോയ്‌ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ചടങ്ങിന് ദ്യുതി 2024 സംഘാടകസമിതി ജനറൽ കൺവീനർ ജെ സജി നന്ദി രേഖപ്പെടുത്തി.
All reactions: