Trending

News Details

എം എം ലോറൻസിന് കല കുവൈറ്റിന്റെ ആദരാഞ്ജലികൾ

  • 21/09/2024
  • 197 Views

കുവൈറ്റ്‌ സിറ്റി: സിപിഐഎം മുൻ കേന്ദ്രകമ്മിറ്റി അംഗവും മുതിർന്ന സിപിഐഎം നേതാവുമായിരുന്ന സഖാവ് എം എം ലോറൻസിന്റെ വിയോഗത്തിൽ കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ അനുശോചനം രേഖപ്പെടുത്തി. ദീർഘനാളായി ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമ ജീവിതം നയിച്ചുവന്നിരുന്ന അദ്ദേഹം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
പാർലമെന്റ് അംഗം, ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, കെഎസ്ആർടിഇഎ സംസ്ഥാന പ്രസിഡന്റ്, വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെ ഭാരവാഹി എന്നീ നിലയിലെല്ലാം വിവിധ കാലയളവിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായും നാടുവാഴി വ്യവസ്ഥിക്കുമെതിരായ നിരവധിയായ സമര പോരാട്ടങ്ങളിൽ പങ്കെടുത്ത് ദീർഘനാൾ ജയിൽവാസം അനുഭവിച്ചും കടുത്ത പോലീസ് അക്രമങ്ങൾക്കിരയായും ത്യാഗനിർഭരമായ രാക്ഷ്ട്രീയ ജീവിതമാണ് നയിച്ചിരുന്നത് . ഇടപ്പള്ളി സമര നായകരിലൊരാളായും, തൊഴിൽ ചൂഷണങ്ങക്കെതിരായി നിരന്തരമായ പോരാട്ടങ്ങൾക്കായി തൊഴിലാളികളെ സംഘടിപ്പിച്ചും, കമ്യൂണിസ്റ്റ് പ്രസഥാനത്തിന്റെ വളർച്ചയ്ക്ക് ആശയാടിത്തറ നൽകിയും എല്ലാക്കാലവും ഇടത് മുന്നേറ്റ ചരിത്രത്തിൽ ഉജ്ജ്വലമായ സംഭാവനകൾ നൽകിയിരുന്ന സഖാവ് എം എം ലോറൻസിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ അറിയിച്ചു.