Trending

News Details

ടി ശിവദാസമേനോന് കല കുവൈറ്റിന്റെ ആദരാഞ്ജലികൾ.

  • 28/06/2022
  • 656 Views


കുവൈറ്റ് സിറ്റി :മുന് മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ടി ശിവദാസമേനോന്റെ (90 ) നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയില് ചികിത്സയിലിരിക്കേയാണ് മരണം. രണ്ട് നായനാർ മന്ത്രിസഭകളിലും അംഗമായിരുന്നു. 1987ൽ ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായും 96 ൽ ധനമന്ത്രിയായിട്ടുമാണ് പ്രവർത്തിച്ചത്. ദീർഘകാലം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. സി പി എം സംസ്ഥാന കമ്മിറ്റി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മലമ്പുഴ മണ്ഡലത്തില് നിന്നായിരുന്നു മൂന്ന് തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ ഡെപ്യൂട്ടിചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചു. അധ്യാപന മേഖലയില് നിന്നും രാഷ്ട്രീയത്തിലെത്തിയ നേതാവാണ് ശിവദാസ മേനോന്. സംസ്ഥാനത്ത് അധ്യാപക യൂണിയനുകൾ സംഘടിപ്പിക്കുന്നതിൽ കർശനമായ ഇടപെടലാണ് അദ്ദേഹം നടത്തിയത്. അദ്ദേഹത്തിന്റെ വിയോഗം കമ്മ്യൂണിസ്ററ് പ്രസ്ഥാനങ്ങൾക്ക് തീരാ നഷ്ടമാണെന്നും, ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കല കുവൈറ്റ്‌ പ്രസിഡണ്ട് പി ബി സുരേഷ് ജനറൽ സെക്രട്ടറി ജെ സജി എന്നിവർ അനുശോചന കുറിപ്പിലൂടെ അറിയിച്ചു.