വിന്റർ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു.
കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈറ്റ് വഫ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ വിന്റർ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു.വഫ്രയിലെ വിവിധ ഫാമുകളിലെ കർഷകർ, വില്ലകളിലും വിവിധ ഷാലേകളിലും ജോലിചെയ്യുന്നവർ ഉൾപ്പെടെ വഫ്രാ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നതും വളർത്തുന്നതുമായ
പച്ചക്കറികൾ,പുഷ്പങ്ങൾ, അലങ്കാര മത്സ്യങ്ങൾ,വളർത്തു പക്ഷികൾ, കൂൺ,വിവിധ മത്സ്യ മാംസാഹാരം എന്നിവയുടെ പ്രദർശനം പ്രധാന ആകർഷണമായിരുന്നു.
കുട്ടികളുടെ അമ്യൂസ്മെന്റ്
പാർക്ക്, സ്വിമ്മിംഗ് പൂൾ, വടംവലി തുടങ്ങിയ വിനോദങ്ങൾ കാഴ്ചക്കാർക്ക് ആവേശമായി. നാടൻ വിഭവങ്ങളുടെ ആഹാരശാല തനത് ശൈലിയിൽ ക്രമീകരിച്ചത് ഏറെ വ്യത്യസ്തമായിരുന്നു.
കുവൈറ്റ് മാതൃകയിൽ ഒരുക്കിയ ദിവാനിയയിൽ വിവിധങ്ങളായ പൗരാണിക അലങ്കാരവസ്തുക്കൾ,നിർമ്മിതികൾ വൈജ്ഞാനികമായ കാഴ്ചകൾ നൽകി. വിവിധ സ്റ്റാളുകളുടെ നടുവിലായി വിശാലമായ പുൽമൈതാനിയിൽ കുട്ടികളുടെ വിവിധ മത്സരങ്ങൾ, കുടുംബാംഗങ്ങൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ, ഫൗണ്ടൈൻ, കുട്ടികളുടെ പാർക്ക് എന്നിവയാൽ സമ്പന്നമായിരുന്നു. അഞ്ചുമണിക്കൂർ നീണ്ടുനിന്ന പ്രദർശനത്തിൽ അപൂർവ്വ ഇനങ്ങളുടെ ലേലം,കുട്ടികളുടെ ഫ്ലാഷ് മോബ് എന്നിവ നടക്കുകയുണ്ടായി.
വഫ്ര വിന്റർ ഫെസ്റ്റിൽ ജോ.കൺവീനർ അനീഷ് പുരുഷോത്തമൻ അധ്യക്ഷതയിൽ കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട് ഉദ്ഘാടനം നിർവഹിച്ചു. ആക്ടിംഗ് സെക്രട്ടറി ബിജോയ്, മേഖല സെക്രട്ടറി തോമസ് ശെൽവൻ, കേന്ദ്ര കമ്മിറ്റി അംഗം രജീഷ്, മേഖല പ്രസിഡന്റ് ദേവദാസ് സെൽവരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖല എക്സിക്യൂട്ടീവ് അംഗം വി.വി രംഗൻ സ്വാഗതം ആശംസിച്ച ഫെസ്റ്റിന് പ്രോഗ്രാം കോഡിനേറ്റർ മധു വിജയൻ നന്ദി രേഖപ്പെടുത്തി.കുവൈറ്റിലെ പ്രവാസി കുടുംബങ്ങൾക്കും ക്യാമ്പിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും മാനസിക ഉല്ലാസത്തിനും വിനോദത്തിനും ഇടമൊരുക്കിയ ഫെസ്റ്റിൽ 250-ൽ അധികം ആളുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.