Trending

News Details

പൊരുതുന്ന കർഷക ജനതക്ക് ഐക്യദാർഢ്യം:കല കുവൈറ്റ്‌

  • 17/02/2024
  • 405 Views

കുവൈറ്റ്‌ സിറ്റി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷകർ നടത്തുന്ന ഡൽഹി ചലോ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്.
മിനിമം താങ്ങുവിലയ്ക്ക്‌ നിയമാനുസൃതമായ സംരക്ഷണം ഉറപ്പാക്കുക, കർഷക കടങ്ങൾ എഴുതിത്തള്ളുക, വൈദ്യുതി നിരക്കുകൾ കൂട്ടാതിരിക്കുക, സ്‌മാർട്ട്‌ മീറ്ററുകൾ പിൻവലിക്കുക, കർഷകർക്ക്‌ 300 യൂണിറ്റ്‌ സൗജന്യ വൈദ്യുതി, സമഗ്രമായ വിള ഇൻഷുറൻസ് പദ്ധതി, ലഖിംപ്പുർ ഖേരിയിൽ കർഷകരുടെ കൂട്ടകൊലയ്ക്ക്‌ ഉത്തരവാദികളായവർക്ക്‌ ശിക്ഷ ഉറപ്പാക്കുക, മിനിമം പെൻഷൻ ആയിരം രൂപയാക്കി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കർഷകർ സമരം നടത്തുന്നത്.
ശത്രുരാജ്യത്തിന്റെ സൈനികരെ നേരിടുന്നത് പോലെയാണ് കേന്ദ്ര സർക്കാറും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും രാജ്യത്തെ കർഷകരെ നേരിടുന്നത്, പോലീസിന്റെ അക്രമണങ്ങളിൽ നൂറുകണക്കിന് കർഷകർക്ക് ഗുരുതരമായ പരിക്കുകൾ പറ്റി, കണ്ണീര് വാതകപ്രയോഗം തീവ്രമായി തുടരുന്നത് വൃദ്ധകര്ഷകരെ അവശരാക്കി. ഇതിനെത്തുടർന്ന് പഞ്ചാബ് ഗ്രാമത്തില്നിന്നെത്തിയ ഗ്യാൻസിങ്‌ എന്ന കർഷകൻ ഹൃദയാഘാതത്താല് മരണപ്പെട്ടു.
അവകാശങ്ങൾക്കായുള്ള കർഷക പോരാട്ടത്തിന് രാജ്യത്തെയാകെ ജനങ്ങളുടെ പിന്തുണയുണ്ടാകണമെന്നും, കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട്,കല കുവൈറ്റ്‌ ആക്ടിംഗ് സെക്രട്ടറി ബിജോയ്‌ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.