രാജ്യ തലസ്ഥാനത്ത് മുഴങ്ങിക്കേട്ടത് ഓരോ ഇന്ത്യക്കാരുടേയും ശബ്ദം:ഗായത്രി വർഷ
കുവൈറ്റ് സിറ്റി: ഡൽഹിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക സമരത്തിൽ മുഴങ്ങിക്കേട്ടത് ഓരോ ഇന്ത്യക്കാരുടേയും ശബ്ദമാണെന്ന് ചലച്ചിത്ര,സാംസ്കാരിക പ്രവർത്തക ഗായത്രി വർഷ. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗായത്രി.
ബിജെപിയിതര സംസ്ഥാനങ്ങളോട് കേന്ദ്രം തുടരുന്ന അവഗണനയ്ക്കെതിരെയുള്ള യോജിച്ച പോരാട്ടമാണ്
ഡൽഹിയിൽ നടന്നത്, ഇത്തരം സമരങ്ങളോട് ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെ തകർക്കാനുള്ള ഇന്ത്യയിലെ ബിജെപി ഭരണകൂടത്തിനെതിരെ നിരന്തരം കലഹിക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാകണമെന്നും ഗായത്രി സൂചിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിന് കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. കുവൈറ്റിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ പ്രവീൺ നന്ദിലത്ത്(കേരള അസോസിയേഷൻ), സത്താർ കുന്നിൽ(INL),സുബിൻ അറയ്ക്കൽ(പ്രവാസി കേരള കോൺഗ്രസ്), R.നാഗനാഥൻ(ലോക കേരള സഭ അംഗം),ആശാലത ബാലകൃഷ്ണൻ(വനിതാ വേദി കുവൈറ്റ്)എന്നിവർ സംസാരിച്ചു. കല കുവൈറ്റ് ജോയിൻ സെക്രട്ടറി ബിജോയ് അബ്ബാസിയ മേഖല സെക്രട്ടറി നവീൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കൂടാതെ കുവൈറ്റിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഒട്ടനവധി ആളുകൾ പങ്കെടുത്തു. സമ്മേളനത്തോട് അനുബന്ധിച്ച് കല കുവൈറ്റിന്റെ പ്രവർത്തകർ അവതരിപ്പിച്ച വിപ്ലവഗാനങ്ങളും ഉണ്ടായിരുന്നു. സമ്മേളത്തിന് കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും ട്രഷറർ അനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി.