കല കുവൈറ്റ് അബുഹലീഫ മേഖലക്ക് പുതിയ ഭാരവാഹികൾ.
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖല സമ്മേളനം സഖാവ് ബസുദേവ് ആചാര്യ നഗറിൽ (കല സെന്റർ ) നടന്നു. മേഖല പ്രസിഡന്റ് ഗോപികൃഷ്ണന്റെ താൽക്കാലിക അധ്യക്ഷതയിൽ നടന്ന സമ്മേളനം കലയുടെ മുൻ ഭാരവാഹിയായ സുഗതകുമാർ ഉദ്ഘാടനം ചെയ്തു. അബുഹലീഫ മേഖലയിലെ 21 യൂണിറ്റുകളെ പ്രതിനിധീകരിച്ച്, മേഖല കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 190 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. മേഖല എക്സിക്യൂട്ടീവ് അംഗം പ്രസീത ജിതിൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗോപീകൃഷ്ണൻ , ഹിക്മത് ടി വി , അരുണിമ പ്രകാശ് എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി രഞ്ജിത്ത് ടി എം പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 20 യൂണിറ്റുകളെ പ്രതിനിധികരിച്ച് 24 പേർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയ്ക്ക് മേഖല സെക്രട്ടറി രഞ്ജിത്ത് ടി എം കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ മറുപടി നൽകി. തുടർന്ന് പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ടും സമ്മേളനം അംഗീകരിച്ചു. അടുത്ത പ്രവർത്തന വർഷത്തിൽ അബുഹലീഫ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെയും മേഖല കമ്മിറ്റിയുടെ പ്രസിഡന്റായി സന്തോഷ് കെ ജി, സെക്രട്ടറിയായി രഞ്ജിത്ത് ടി എം എന്നിവരെയും സമ്മേളനം തെരെഞ്ഞെടുത്തു. ജനുവരി 26 ന് നടക്കുന്ന കല കുവൈറ്റിന്റെ 45 മത് വാർഷിക സമ്മേളനത്തിലേക്ക് 77 പ്രതിനിധികളേയും രെഞ്ഞെടുത്തു.
കെ -റെയിൽ വേഗത്തിൽ പൂർത്തീകരിക്കുക, CUSAT -NTA 2024ൽ നിന്നും NRI വിദ്യാർത്ഥികളെ ഒഴിവാക്കുന്ന കേന്ദ്ര സർക്കാർ ഏജൻസികളുടെ നിലപാട് തിരുത്തുക, കേരളിയ സമൂഹത്തെ വെല്ലുവിക്കുന്ന ഗവർണ്ണറെ പിൻവലിക്കുക, വന്യമൃഗ ആക്രമണത്തിൽ നിന്നും പൊതുജീവിതം സംരക്ഷിക്കുക, തുടങ്ങിയ നിരവധി പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രജോഷ് ടി വൈസ് പ്രസിഡന്റ് ബിജോയ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സന്തോഷ് കെ ജി, സ്നേഹ പി എം , പി ആർ കിരൺ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, വിനോദ് പ്രകാശ്, സൂരജ്, പ്രശാന്ത് എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും വിജുമോൻ, മണിക്കുട്ടൻ, ബീന എന്നിവർ പ്രമേയ കമ്മിറ്റിയുടേയും, ജോബിൻ ജോൺ, രജീഷ്, ആഷിക്ക് എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. സ്വാഗത സംഘം ചെയർമാൻ സുമേഷ് സ്വാഗതം ആശംസിച്ച സമ്മേളനത്തിന് അബുഹലീഫ മേഖലയുടെ പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട സെക്രട്ടറി രഞ്ജിത്ത് ടി എം നന്ദി പറഞ്ഞു.