Trending

News Details

കല കുവൈറ്റ് - മാതൃഭാഷ സമിതി കലാ ജാഥ "വേനൽ തുമ്പികൾ" പര്യടനം പൂർത്തിയായി.

  • 11/08/2023
  • 570 Views

കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന "വേനൽ തുമ്പികൾ" കലാജാഥയുടെ പര്യടനം പൂർത്തിയായി. ആഗസ്ത് 9ന് മംഗഫ് കല സെന്ററിൽ ആരംഭിച്ച പര്യടനം കുവൈറ്റ് ആക്റ്റിങ് പ്രസിഡന്റ് ബിജോയിയുടെ അധ്യക്ഷതയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി ഉത്‌ഘാടനം ചെയ്തു. ട്രഷറർ അജ്നാസ് മുഹമ്മദ് മലയാള മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജി, ഫഹാഹീൽ മേഖല സെക്രട്ടറി ജ്യോതിഷ് പി ജി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാതൃഭാഷ ജനറൽ കൺവീനർ അനൂപ് മാങ്ങാട് സ്വാഗതവും, ഫഹഹീൽ മേഖല മാതൃഭാഷ സമിതി കൺവീനർ അജിത് പോൾ നന്ദിയും പറഞ്ഞു. കലാവിഭാഗം സെക്രട്ടറി തോമസ് സെൽവൻ മേഖല പ്രസിഡന്റ് സജിൻ മുരളി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
സംസ്കാരത്തേയും ഭാഷയേയും തിരിച്ചറിഞ്ഞുകൊണ്ട് ഭാഷാപഠനം മുന്നോട്ട് നയിക്കാൻ കുട്ടികളെ സഹായിക്കുന്ന രീതിയിലാണ് കലാജാഥ രൂപകൽപ്പന ചെയ്തിരുന്നത് . മലയാള ഭാഷ പഠനത്തിന്റെ ആവശ്യകത ബോധ്യപെടുത്തിയും നാടൻ കലാരൂപങ്ങൾ കോർത്തിണക്കികൊണ്ട് നമ്മുടെ സംസ്കാരത്തേയും ഭാഷയേയും തിരിച്ചറിയാനും കുട്ടികൾക്ക് അടുത്ത് പരിചയപ്പെടാനും ഉതകുന്ന രീതിയിലായിരുന്നു കലാ ജാഥ അണിയിച്ചൊരുക്കിയത്. തോമസ് സെൽവന്റെ തിരക്കഥയ്ക്ക് ഗോവിന്ദ് സംവിധാനം നിർവ്വഹിച്ചു, സജീവ് മാന്താനം ക്യാപ്റ്റനായും ശ്രീജേഷ് കോർഡിനേറ്ററായും പ്രവർത്തിച്ച കലാജാഥയിൽ 50 ഓളം കുട്ടികളും മുതിർന്നവരും അണിനിരന്നു. അവതരണമികവ് കൊണ്ട് മികച്ച നിലവാരം പുലർത്തിയ കാലാജാഥ ആഗസ്റ്റ് 10 ന് അബൂഹലീഫ, 11 ന് സാൽമിയ, 13 ന് അബ്ബാസിയ എന്നിങ്ങനെ നാല്‌ മേഖലകളിലായാണ് പര്യടനം നടത്തിയത്. എല്ലാ കേന്ദ്രങ്ങളിലും കലാജാഥയെ സ്വീകരിക്കാൻ കുട്ടികളും രക്ഷിതാക്കളും മാതൃഭാഷ പ്രവർത്തകരും ഉൾപ്പടെ നിരവധി പേർ എത്തിച്ചേർന്നു.