Trending

News Details

കല കുവൈറ്റ് പ്രതിനിധി സംഘം ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്‌ച നടത്തി.

  • 02/05/2023
  • 308 Views

കുവൈറ്റ് സിറ്റി: കേരളാ ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്‌ച നടത്തി. ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കുവൈറ്റിൽ ഇന്ത്യക്കാർ നേരിടുന്ന നിരവധി പ്രശ്നങ്ങൾ സംഘം അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി.
റിക്രൂട്ടിങ്ങ് ഏജൻസികൾ വഴിയും, ഇടനിലക്കാർ മുഖേനയും ഗാർഹീക ജോലിക്കാർ നേരിട്ടുകൊണ്ടിരിക്കുന്ന ചൂഷണം, നിയമ സഹായ സെല്ലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടുന്നതിന്റെയും അത് ഇരുപത്തിനാല് മണിക്കൂറും ലഭ്യമാക്കുന്നതിന്റെയും ആവശ്യകത, ഭീമമായ ആശുപത്രി ചികിത്സാ ചെലവുകളിൽ നിന്നും പരിരക്ഷ കിട്ടുന്നതിനുള്ള ഇൻഷുറൻസ് സാധ്യതയും സഹായവും, IIT / NIT ക്യാംപസ് കുവൈറ്റിൽ ആരംഭിച്ചാലുള്ള ഗുണഫലങ്ങൾ, ഇന്ത്യക്കാരുടെ പൂർണ്ണ ഡാറ്റാ ബാങ്ക്, എന്നീ വിവിധ വിഷങ്ങൾ എംബസ്സി അധികൃതരുമായി ചർച്ച ചെയ്തു.
കുവൈറ്റിലേക്കുള്ള എല്ലാ നേഴ്സസ് റിക്രൂട്ടിംഗുകളും നോർക്കാ റൂട്ട്സ് വഴിയോ, ഗവർമെന്റ് അംഗീകൃത ചാനൽ വഴിയോ റിക്രൂട്ട്‌ ചെയ്യണമെന്നും കലയുടെ പ്രതിനിധികൾ ആവശ്യപ്പെട്ടു. കേരള സർക്കാർ വിനോദ സഞ്ചാര മേഖലയിലും , ആരോഗ്യ വ്യവസായ മേഖലയിലും നടത്തുന്ന നിക്ഷേപ സാധ്യതകളെ പ്രചരിപ്പിക്കുന്നതിന് ഒരു വ്യാപാരമേളയ്ക്ക് വേണ്ടിയുള്ള എംബസ്സിയുടെ ഉപദേശവും ആവശ്യപ്പെട്ടു.
കല മുന്നോട്ട് വെച്ച ആവശ്യങ്ങളോടും നിർദ്ദേശങ്ങളോടും അനുഭാവപൂർണ്ണമായ സമീപനമാണ് അംബാസിഡർ സ്വീകരിച്ചതെന്ന് കല കുവൈറ്റ് ഭാരവാഹികൾ പറഞ്ഞു. കല കുവൈറ്റ് പ്രസിഡന്റ് കെ കെ ശൈമേഷ്, ജനറൽ സെക്രട്ടറി രജീഷ് സി, ലോക കേരളസഭാംഗം ആർ നാഗനാഥൻ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.