ബാലവേദി കുവൈറ്റ് ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ശാസ്ത്രവും കപട ശാസ്ത്രവും എന്ന വിഷയത്തെ ആസ്പദമാക്കി ബാലവേദി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ അബ്ബാസിയ കല സെന്ററിൽ വെച്ച് ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. തിരുവനന്തപുരം എംജി കോളജിലെ അസിസ്റ്റന്റ് പ്രൊഫസറും, പ്രമുഖ ശാസ്ത്ര പ്രഭാഷകനുമായ ഡോക്ടർ വൈശാഖൻ തമ്പി മുഖ്യ അതിഥിയായി പങ്കെടുത്തു. ചോദ്യങ്ങൾ ഉന്നയിക്കുന്നതിനോടൊപ്പം തന്നെ ഉത്തരങ്ങളുടെ സാധുതയും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സെമിനാറിൽ കുട്ടികളുമായി സംവദിച്ചുകൊണ്ട് ഡോക്ടർ
വൈശാഖൻ തമ്പി അഭിപ്രായപ്പെട്ടു. ശാസ്ത്ര സംബന്ധിയായ കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.
കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബാലവേദി ക്ലബ്ബുകളിൽ അംഗങ്ങളായ നിരവധി കുട്ടികളും രക്ഷകർത്താക്കളും സെമിനാറിൽ പങ്കെടുത്തു.
ബാലവേദി അബ്ബാസിയ മേഖല പ്രസിഡന്റ് മാസ്റ്റർ അദ്വൈതിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ബാലവേദി ജനറൽ സെക്രട്ടറി കുമാരി അഞ്ജലിറ്റ രമേശ് സ്വാഗതവും, ശിവാനി ശൈമേഷ് നന്ദിയും പറഞ്ഞു.ബാലവേദി കേന്ദ്രരക്ഷാധികാരി സമിതി കൺവീനർ ഹരിരാജ് ആശംസകൾ അർപ്പിച്ചു. യോഗത്തിൽ കലാ കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി, പ്രസിഡണ്ട് ശൈമേഷ് കെ കെ എന്നിവർ സന്നിഹിതരായിരുന്നു.