Trending

News Details

കേരളത്തിലെ ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ചുവരുന്നത്‌ വ്യത്യസ്തമായ കാഴ്ചപ്പാടും, സമീപനവും: എം സ്വരാജ്

  • 25/09/2022
  • 420 Views

കുവൈറ്റ്‌ സിറ്റി: 1957 ല് അധികാരത്തിൽവന്ന ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലം മുതൽ ഇന്ത്യാരാജ്യത്തെ ദേശീയ, സംസ്ഥാന സർക്കാരുകളുടേതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടും സമീപനവുമാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ചു വരുന്നതെന്ന് എം.സ്വരാജ്‌. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ സംഘടിപ്പിച്ച "കേരളം മുന്നോട്ടു വെക്കുന്ന രാഷട്രീയ ബദൽ" എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാര്വത്രിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യം, മിനിമംകൂലി, ജന്മിത്വമവസാനിപ്പിക്കാനുള്ള നടപടികള്, അവശവിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമ പെൻഷനുകൾ എന്നിവയൊക്കെ ചരിത്രപരമായ പ്രാധാന്യം നേടി. അതിനു ശേഷം അധികാര വികേന്ദ്രീകരണം നടപ്പാക്കല്, സമ്പൂര്ണ സാക്ഷരത, വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണം എന്നിവ ശക്തമാക്കുന്ന നടപടികളുമെടുത്തു. വിപ്ലവകരമായ പല നിയമ നിര്മാണങ്ങളും കാര്ഷിക പരിഷ്‌ക്കരണ പരിപാടികളും മുന്നേറ്റമുണ്ടാക്കിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. ബി.ജെ.പി സർക്കാറിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നയത്തിനെതിരേയും, പെട്രോളിയം വിഷയങ്ങളിലും, ഇതേ നയം പിന്തുടരുന്ന കോൺഗ്രസ്സിന് ശബ്ദിക്കാൻ സാധിക്കില്ലെന്നും, കോൺഗ്രസ്സ്‌ നേതൃത്വത്തിൽ നടക്കുന്ന ഭാരത്‌ ജോഡൊ യാത്ര അതിനാൽ തന്നെ പ്രഹസനമാണെന്നും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു.
അബ്ബാസിയ സെൻട്രൽ സ്കൂളിൽ കല കുവൈറ്റ്‌ പ്രസിഡന്റ്‌ പി ബി സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞു. കല കുവൈറ്റ് പ്രവർത്തകർ നടത്തിയ സംഗീത പരിപാടികളോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്. ലോക കേരള സഭ അംഗം ആർ.നാഗനാഥൻ, കല കുവൈറ്റ് ട്രഷറർ അജ്നാസ്, ജോ:സെക്രട്ടറി ജിതിൻ പ്രകാശ് , എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പരിപാടിയിൽ വെച്ച് കല കുവൈറ്റ് സംഘടിപ്പിക്കുന്ന "എന്റെ കൃഷി 2022 -23" കാർഷിക മൽസരത്തിന്റെ വിത്തുവിതണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യാതിഥി എം.സ്വരാജ്‌ നിർവ്വഹിച്ചു. നൂറു കണക്കിനു കല പ്രവർത്തകരും, പൗരപ്രമുഖരും, മാധ്യമ പ്രവർത്തകരും പങ്കെടുത്ത പരിപാടിയിയ്ക്ക്‌ വൈസ്‌ പ്രസിഡന്റ്‌ ഷൈമേഷ്‌ നന്ദി രേഖപ്പെടുത്തി.