Trending

News Details

കല കുവൈറ്റ് - മാതൃഭാഷ സമിതി കലാ ജാഥ "വേനൽ തുമ്പികൾ" പര്യടനം പൂർത്തിയായി

  • 27/08/2022
  • 774 Views

കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന "വേനൽ തുമ്പികൾ" കലാജാഥയുടെ പര്യടനം പൂർത്തിയായി. ആഗസ്ത് 25ന് മംഗഫ് കല സെന്ററിൽ ആരംഭിച്ച പര്യടനം കല കുവൈറ്റ് പ്രസിഡന്റ്‌ പി ബി സുരേഷ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ കല കുവൈറ്റ് ആക്റ്റിങ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ്, ട്രഷറർ അജ്നാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ ജോൺ സ്വാഗതവും, ഫഹഹീൽ മേഖല കൺവീനർ ഗോപിദാസ് നന്ദിയും പറഞ്ഞു. ഫഹാഹീൽ മേഖല സെക്രട്ടറി സജീവ് എബ്രഹാം, മേഖല ആക്ടിങ് പ്രസിഡന്റ് ജയചന്ദ്രൻ, കേന്ദ്ര മാതൃഭാഷ സമിതി കൺവീനർ തോമസ് സെൽവൻ എന്നിവർ സന്നിഹിതരായിരുന്നു. കേരളത്തിന്റെ തനത് കലാരൂപങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവ കോർത്തിണക്കികൊണ്ട് നമ്മുടെ സംസ്കാരത്തേയും ഭാഷയേയും തിരിച്ചറിയാനും കുട്ടികൾക്ക് അടുത്ത് പരിചയപ്പെടാനും ഉതകുന്ന രീതിയിലായിരുന്നു കലാ ജാഥ അണിയിച്ചൊരുക്കിയത്. 45 ഓളം കുട്ടികളും മുതിർന്നവരും അണിനിരന്ന കലാജാഥ അവതരണമികവ് കൊണ്ട് മികച്ച നിലവാരം പുലർത്തി. ആഗസ്റ്റ് 26 വെള്ളിയാഴ്ച അബ്ബാസിയ മേഖലയിൽ അബ്ബാസിയ കലാ സെന്ററിലും, വൈകുന്നേരം 6 മണിക്ക് അബുഹലീഫ മേഖലയിൽ ഗോകുലം ഹാളിലും ജാഥ പര്യടനം നടത്തി. ജാഥയുടെ സമാപനം ആഗസ്ത് 27 ന് സാൽമിയ മേഖലയിൽ സാൽമിയ കല സെന്ററിലും വെച്ച് നടന്നു. വേനൽകാല അവധിയിൽ വേനൽ തുമ്പികളായി പറന്നെത്തിയ കലാജാഥ അംഗങ്ങൾക്ക് നാലു മേഖലയിലും കല കുവൈറ്റ്‌ കേന്ദ്ര-മേഖലാ കമ്മിറ്റി അംഗങ്ങളുടെയും, മാതൃഭാഷാ പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. നാലു മേഖലകളിലും നൂറുകണക്കിന് കുട്ടികളുടെയും, രക്ഷാ കർത്താക്കളുടെയും പങ്കാളിത്തം കൊണ്ട് കലാ ജാഥ ശ്രദ്ധേയമായിരുന്നു.