ലതാ മങ്കേഷ്കറിന്റെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു
അനശ്വരമായ സ്വരമാധുര്യം കൊണ്ട് ഒരു ജനതയുടെ മുഴുവന് മനം നിറച്ച സംഗീത ഇതിഹാസം ഇന്ത്യയുടെ സ്വന്തം വാനമ്പാടി ലതാ മങ്കേഷ്കറിന്റെ നിര്യാണത്തില് കേരള ആർട്ട് ലവേർസ് അസോസിയേഷൻ കല കുവൈറ്റ് അനുശോചിച്ചു. 92 വയസായിരുന്നു. കോവിഡ് ബാധയെ തുടര്ന്ന് ദീര്ഘനാളായി ചികിത്സയില് കഴിയുകയായിരുന്നു. 1942-ല് 13-ാം വയസ്സില് തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കര് നിരവധി ഇന്ത്യന് ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങള് പാടി. രാജ്യത്തെ ഏറ്റവും മികച്ച പിന്നണി ഗായകരില് ഒരാളായ ലതാ മങ്കേഷ്കറിന് 2001 ല് ഭാരതരത്ന നല്കി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷണ്, പദ്മവിഭൂഷണ്, ദാദാ സാഹിബ് ഫാല്ക്കെ പുരസ്‌കാരം, മൂന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്, ഫ്രാന്സിന്റെ ലീജിയന് ഓഫ് ഓണര് തുടങ്ങി നിരവധി അംഗീകാരങ്ങള് ലഭിച്ചിട്ടുണ്ട് .ലോകമെങ്ങുമുള്ള ആരാധകരുടേയും കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായി കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് , ജനറല് സെക്രട്ടറി ജെ സജി എന്നിവര് അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു.