കെ പി എ സി ലളിതയുടെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു.
കുവൈറ്റ് സിറ്റി. പ്രശസ്ത ചലച്ചിത്ര - നാടക നടി കെ.പി.എ.സി ലളിതയുടെ
നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്ഘനാളായി അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു .എക്കാലത്തെയും മികച്ച വിപ്ലവഗാനമായ 'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ' എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് ചുവടുവെച്ചത്. നാൽപത് വർഷത്തിന് മുകളിൽ നീണ്ട് നിന്ന സിനിമാ ജീവിത്തിൽ മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളിൽ കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്. ഒട്ടനവധി പുരസ്കാരങ്ങളും കെപിഎസി ലളിതയ്ക്ക് ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ജീവിതയാത്രയിൽ ഉടനീളം ഇടത്പക്ഷ പുരോഗമന പ്രസ്ഥാനങ്ങളോട് ചേർന്ന് നിന്ന കെ പി എ സി ലളിതയുടെ വിയോഗം സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും സുഹൃത്തുക്കളുടെയും, ബന്ധുമിത്രാദികളുടെയും, സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നതായും കല കുവൈറ്റ് പ്രസിഡണ്ട് പി ബി സുരേഷ്, ജനറൽ സെക്രട്ടറി ജെ സജി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.