പ്രവാസികൾക്ക് കരുത്ത് പകർന്ന ബജറ്റ് : കല കുവൈറ്റ്
കുവൈറ്റ് സിറ്റി: ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയും, വിവിധ പ്രവാസി ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചും, ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്. കേരളത്തിനും, പ്രവാസി സമൂഹത്തിനും ഉണർവേകുന്ന ബജറ്റാണ് ഇതെന്നും കല കുവൈറ്റ് ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു. 2022-23 സാമ്പത്തിക വർഷം പ്രവാസികാര്യ വകുപ്പിന് 147.51 കോടി രൂപ കേരള സർക്കാർ സമ്പൂർണ ബഡ്ജറ്റിൽ ഉൾപ്പെടുത്തി. ലോകമെമ്പാടുമുള്ള വിദേശ മലയാളികളുടെ ക്ഷേമത്തിനായാണ് പ്രവാസികാര്യ വകുപ്പ് രൂപീകരിച്ചിട്ടുള്ളത് പ്രവാസികാര്യ വകുപ്പ് നേരിട്ടും അതിന്റെ കിഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നോർക്ക റൂട്സ് വഴിയും വിവധ പദ്ധതികൾ വിദേശ മലയാളികൾക്കായി നടിപ്പിലാക്കി വരുന്നുണ്ട് പുതുതായി രൂപകൽപ്പന ചെയ്യുന്ന പ്രവാസി ഏകോപന പുനസംയോജന പദ്ധതിക്കായി 50 കോടിയും ബജറ്റിൽ വകയായിരിത്തിയിട്ടുണ്ട്. രണ്ടോ അതിലധികമോ വർഷം വിദേശത്തു ജോലി ചെയ്ത ശേഷം നാട്ടിലേക്കു മടങ്ങിയെത്തിയ പ്രവാസി മലയാളികൾക്കുള്ള സമയബന്ധിതമായ ധനസഹായ പദ്ധതിയാണ് സാന്ത്വന പദ്ധതി. ഈ പദ്ധതിയ്ക്ക് നടപ്പു വർഷം 33 കോടി രൂപയും ബജറ്റിൽ വിലയിരുത്തി. കൂടാതെ നോൺ റെസിഡന്റ് വെൽഫെയർ ബോർഡിന് 9 കോടി രൂപയും അനുവദിച്ചു. യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്കും ബജറ്റിൽ ധനമന്ത്രി പരിഗണന നൽകിയിട്ടുണ്ട്
യുദ്ധഭൂമിയിൽ നിന്ന് മടങ്ങിയെത്തിയവർക്ക് നോർക്ക വഴിയാണ് പഠന സഹായം നൽകുക. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സമിതി ഒരുക്കുമെന്നും ധനമന്ത്രി അറിയിച്ചു.10 കോടി രൂപയാണ് ഇതിന്റെ പ്രവര്ത്തനങ്ങള്ക്കായി വകയിരുത്തിയിരിക്കുന്നത്.ബജറ്റിൽ പ്രവാസികൾക്ക് നൽകിയ പരിഗണന ഇടതു സർക്കാറിന്റെ പ്രവാസികളോടുള്ള പ്രതിബദ്ധത കാണിക്കുന്നതാണെന്നും, ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റിനെ പൂർണ്ണമായും സ്വാഗതം ചെയ്യുകയാണെന്നും കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് , ജനറൽ സെക്രട്ടറി ജെ സജി എന്നിവർ വാർത്താകുറിപ്പിൽ പറഞ്ഞു.