കല കുവൈറ്റ് പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്‌ച നടത്തി.
കുവൈറ്റ് സിറ്റി: കേരളാ ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്‌ച നടത്തി. ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കുവൈറ്റിൽ ഇന്ത്യക്കാർ നേരിടുന്ന നിരവധി പ്രശ്നങ്ങൾ സംഘം അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ ആർടി - പിസിആർ ടെസ്റ്റ് പിൻവലിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ തലത്തിൽ ചർച്ച നടത്തി പരിഹാരം കാണണമെന്നും, ഇന്ത്യയിൽ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകളിലെ അനാരോഗ്യകരമായ രീതികൾ ഒഴിവാക്കുന്നതിന്, മികച്ച നിലവാരമുള്ള കേരളത്തിലെ ODEPC പോലുള്ള ഇന്ത്യയിലെ സർക്കാർ ഏജൻസികളെ ഉപയോഗപ്പെടുത്താൻ ബഹുമാനപ്പെട്ട ഇന്ത്യൻ എംബസി MOH-നോട് അഭ്യർത്ഥിക്കണമെന്നും പ്രതിനിധി സംഘം അംബാസഡറോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ പൊതുമാപ്പ് കാലത്ത് ഔട്ട് പാസുകൾ നൽകിയവർക്ക് ഫ്ലൈറ്റ് നിയന്ത്രണങ്ങൾ കാരണം ഇ- പാസുകളിൽ ഭൂരിഭാഗവും ഉപയോഗിക്കാതെ കിടക്കുന്നു. 2020-ൽ ഇഷ്യൂ ചെയ്ത പാസ് കൈവശമുള്ളവർക്ക് ഇന്ത്യയിലേക്ക് പോകാനുള്ള അവസരം കുവൈറ്റ് ഗവൺമെന്റിന്റെ സമ്മതത്തോടെ നൽകണമെന്നും , കുവൈറ്റിൽ പാസ്‌പോർട്ട് നൽകുന്നതിലുള്ള കലാതാമസം ഒഴിവാക്കിന്നതിന് സഹായകരമാകും വിധം അവലോകനം ചെയ്യാനും സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും എംബസി മുൻകൈ എടുക്കണമെന്ന് സംഘം അഭ്യർത്ഥിച്ചു.
കല മുന്നോട്ട് വെച്ച നിർദ്ദേശങ്ങളോടെല്ലാം അനുഭാവപൂർണ്ണമായ സമീപനമാണ് അംബാസിഡർ സ്വീകരിച്ചതെന്ന് കല കുവൈറ്റ് ഭാരവാഹികൾ പറഞ്ഞു. കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് , ജനറൽ സെക്രട്ടറി ജെ സജി , ജോ:സെക്രട്ടറി ജിതിൻ പ്രകാശ് , വൈസ് പ്രസിഡന്റ് ശൈമേഷ് , ട്രഷറർ അജ്നാസ് , സാമൂഹ്യവിഭാഗം സെക്രട്ടറി ജ്യോതിഷ് പി ജി എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.