കല ട്രസ്റ്റ് പുരസ്കാരം ഇന്ദ്രൻസിന് സമ്മാനിച്ചു
കല ട്രസ്റ്റ് പുരസ്കാരം ഇന്ദ്രൻസിന് സമ്മാനിച്ചു
കണ്ണൂർ: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് കേരളത്തിലെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച കല ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ്കാരം നടൻ ഇന്ദ്രൻസിന്. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചു. 50,000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.
പതിനാല് ജില്ലകളിൽ നിന്നായി എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ 61 വിദ്യാർഥികൾക്ക് എൻഡോവ്മെൻ്റും ഷീൽഡും ചടങ്ങിൽ വിതരണം ചെയ്തു. സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററാണ് എൻഡോവ്മെന്റ് വിതരണം ചെയ്തത്.
കല ട്രസ്റ്റ് സെക്രട്ടറി കെ.കെ. സുദർശനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ‘പ്രവാസത്തിന്റെ 40 ആണ്ടുകൾ’ എന്ന പുസ്തകത്തിന്റെ രചയിതാവ് സാം പൈനമൂടിനെ ചടങ്ങിൽ ആദരിച്ചു.
1978ൽ കുവൈറ്റിലെ മലയാളികൾ രൂപീകരിച്ച കല കുവൈറ്റ് സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിച്ചുവരികയാണ്. 1999 മുതൽ വിദ്യാർഥികൾക്കുള്ള എൻഡോവ്മെന്റും 2000 മുതൽ കല ട്രസ്റ്റ് പുരസ്കാരവും നൽകി വരുന്നു.
കല ട്രസ്റ്റ് ചെയർമാൻ എ കെ ബാ ലൻ അധ്യക്ഷനായി. സിപിഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, മുൻ സ്‌പീക്കർ എ എൻ ഷംസീർ, കഥാകൃത്ത് ടി പത്മനാഭൻ, കുവൈത്ത് കല ട്രസ്റ്റ് സെക്രട്ടറി കെ കെ സുദർശനൻ, ട്രഷറർ ബിജു കണ്ടക്കൈ, കല കുവൈറ്റ് ഭാരവാഹികളായ അൻസാരി കടയ്ക്കൽ, ജിതിൻ പ്രകാശ്, പി ബി സുരേഷ്, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജി,സി കെ നൗഷാദ്, നവീൻ എളയാവൂർ, ജേക്കബ് മാത്യു എന്നിവർ സംസാരിച്ചു. പുരസ്‌കാര ജേതാവ് ഇന്ദ്രൻസ് മറുപടി പ്രസംഗം നടത്തി. സ്വാഗത സംഘം ചെയർമാൻ കെ വി സുമേഷ് എംഎൽഎ സ്വാഗതവും കൺവീനർ സി എച്ച് സന്തോഷ് നന്ദിയും പറഞ്ഞു.