കുവൈറ്റ് സിറ്റി: ആസന്നമായ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഇടതുപക്ഷ മുന്നണിയുടെ കുവൈറ്റിലെ ഘടകകക്ഷി നേതാക്കളെക്കൂടി ഉൾപ്പെടുത്തിയാണ് കൺവെൻഷൻ നടത്തിയത്. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ ലോക കേരളസഭ അംഗം ആർ നാഗനാഥൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുവൈറ്റ് പ്രവാസികളോട് സഖാവ് സ്വരാജ് ഓൺലൈനായി ഇടതുപക്ഷത്തിന്റെ വിജയത്തിന് തങ്ങളാലാവുംവിധമുള്ള ഇടപെടലുകൾ നടത്താൻ അഭ്യർത്ഥിച്ചു. നിലമ്പൂരിൽ ഇടതുപക്ഷം ജയിക്കുകയെന്നാൽ ജനാധിപത്യ മതേതരത്വത്തിൽ വിശ്വസിക്കുന്ന നിങ്ങളോരോരുത്തരുടേയും വിജയമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള അസോസിയേഷൻ പ്രതിനിധി അനിൽ കെ ജി, ഐ എം സി സി പ്രതിനിധി സത്താർ കുന്നിൽ, കേരള കോൺഗ്രസ് മാണി വിഭാഗം പ്രതിനിധി ജോബിൻസ്, കല കുവൈറ്റ് മുൻ ഭാരവാഹികളായിരുന്ന ജെ സജി, സജി തോമസ് മാത്യു എന്നിവരും കൺവെൻഷന്റെ ഭാഗമായി സംസാരിച്ചു. രാഷ്ട്രീയ വഞ്ചനയിലൂടെ ഒരു ഉപതെരഞ്ഞെടുപ്പ് നിലമ്പൂർ ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ച വലതുപക്ഷ - വർഗീയ കൂട്ടുകെട്ടുകളെ ഒരു പാഠം പഠിപ്പിക്കാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പ് മാറുമെന്ന് കൺവെൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വികസന പദ്ധതികളെ പൂർണ്ണമായും എതിർക്കുകയും എന്നാൽ അതേ പദ്ധതികൾ പൂർത്തിയായി വരുമ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ വരികയും, കള്ളക്കഥകൾ പടച്ചുവിട്ടുകൊണ്ടും നിർഭാഗ്യകരമായ അപകട മരണങ്ങളെ പോലും തെരഞ്ഞെടുപ്പിൽ സുവർണ്ണാവസരമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വലതുപക്ഷ - വർഗ്ഗീയ പിന്തിരിപ്പൻ ശക്തികളെ ഒറ്റപ്പെടുത്താനും നിലമ്പൂരിൽ ഇടതുപക്ഷ സ്ഥാനാർഥിയായ സഖാവ് സ്വരാജിന് തിളക്കമാർന്ന വിജയം ഉറപ്പിക്കാനും കുവൈറ്റിലെ നല്ലവരായ ജനാധിപത്യ വിശ്വാസികൾ മുന്നോട്ട് വരണമെന്ന് കൺവെൻഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചവർ അഭ്യർത്ഥിച്ചു. അബ്ബാസിയ കല സെന്ററിൽ വച്ച് നടന്ന പരിപാടിയിൽ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.