Trending

News Details

കല കുവൈറ്റ് ഫഹാഹീൽ മേഖല ഞാറ്റുവേല - 2025 സംഘടിപ്പിച്ചു.

  • 06/06/2025
  • 21 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് ഫഹാഹീൽ മേഖല ഞാറ്റുവേല 2025 നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു. കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ കലയുടെ വിവിധ മേഖലകളിൽ നിന്നും 17 ടീമുകൾ പങ്കെടുത്തു. കാണികൾക്ക് ആവേശം പകർന്ന നാടൻപാട്ട് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഫഹാഹീൽ മേഖലയിലെ ചെമ്പട്ട് ടീം (മംഗഫ്‌ ഇ യൂണിറ്റ് ) ഒന്നാം സ്ഥാനവും, ഫഹാഹീൽ മേഖലയിലെ ചെമ്പട ടീം (ടീം ഫഹാഹീൽ) രണ്ടാംസ്ഥാനവും, അബുഹലീഫ മേഖലയിലെ കുമ്മാട്ടികൂട്ടം ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ കതിർമണികൾ ടീം (ഫഹാഹിൽ) ഒന്നാം സ്ഥാനവും, തുടിതാളം ടീം (അബുഹലീഫ) രണ്ടാംസ്ഥാനവും, നാദം ടീം (അബുഹലീഫ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ കാണികളുടെ ഹൃദയം കവർന്ന കതിർമണികൾ ടീം (ഫഹാഹിൽ) ഓഡിയൻസ് പോൾ ട്രോഫിയും കരസ്ഥമാക്കി. വിജയികളായ ടീമുകൾക്ക് കേന്ദ്ര, മേഖല ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
മംഗഫ് അൽ - നജാത് സ്കൂളിൽ വച്ച് ഫഹാഹീൽ മേഖല പ്രസിഡണ്ട് അരവിന്ദ് കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് പരിപാടി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ്‌ മാത്യു ജോസഫ്, മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാനും സി ഇ ഒ യുമായ ഹംസ പയ്യന്നൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ വച്ച് ഹംസ പയ്യന്നൂരിനെ ജനറൽ സെക്രട്ടറി ടി വി ഹിക്മത് കലയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. മേഖലാ സെക്രട്ടറി സജിൻ മുരളി സ്വാഗതം ആശംസിച്ച ചടങ്ങിന് പരിപാടിയുടെ സ്വാഗതസംഘം ജനറൽ കൺവീനർ വിജയകുമാർ നന്ദി രേഖപ്പെടുത്തി.
നാടൻപാട്ട് മത്സരത്തെ തുടർന്ന് കുവൈറ്റിലെ കരിമ്പൊളി പാട്ട് കൂട്ടം അവതരിപ്പിച്ച നാടൻപാട്ടുകളും കാണികൾക്ക് ആവേശം പകർന്നു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറു കണക്കിന് പേരാണ് പരിപാടി വീക്ഷിക്കാൻ എത്തിച്ചേർന്നത്.