24 ജനുവരി, 2025. കുവൈറ്റ് സിറ്റി: രാഷ്ട്രീയത്തിൽ മതം കലർത്തി നാടിന്റെ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്നവരുടെ കാലത്താണ് നാം ജീവിക്കുന്നതെന്ന് പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി ഡോ. എം എ സിദ്ദിഖ് പറഞ്ഞു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് 46 ആം വാർഷിക പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗ്ഗീയവാദികൾ കൊടികുത്തിയുണ്ടായതല്ല, മറിച്ച് പോരാടി നേടിയതാണ് നാം ഇന്നുകാണുന്ന കേരളം. അതിനാൽതന്നെ മതനിരപേക്ഷത തകർക്കാൻ നിൽക്കുന്ന ഈ വർഗ്ഗീയ ശക്തികളെ ചെറുത്തു തോൽപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ് എന്നും സിദ്ദീക്ക് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
അബ്ബാസിയ സെൻട്രൽ സ്കൂളിൽ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ, ലോകകേരള സഭ അംഗം ആർ. നാഗനാഥൻ ആശംസകൾ നേർന്ന് സംസാരിച്ചു. സമ്മേളനത്തിൽ, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാൻ സണ്ണി സൈജേഷ്, മുൻ ഭാരവാഹികളായിരുന്ന സജി തോമസ് മാത്യു, അനൂപ് മങ്ങാട്ട് എന്നിവർ പങ്കെടുത്തു.. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറർ പി ബി സുരേഷ് നന്ദി പറഞ്ഞു. കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഒട്ടനവധിയാളുകളാണ് പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നത്.