കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്, ഞാറ്റുവേല 2024 സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കലകുവൈറ്റ്,ഫഹാഹീൽ മേഖല കമ്മിറ്റി ഞാറ്റുവേല 2024 നാടൻ പാട്ട് മത്സരം സംഘടിപ്പിച്ചു. കല കുവൈറ്റിലെ അംഗങ്ങൾക്കായി സംഘടിപിച്ച പരിപാടിയിൽ കലയുടെ വിവിധ മേഖലയിൽ നിന്നും 14 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. സദസ്സിൽ ആവേശമുണർത്തിയ നാടൻ പാട്ട് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ അബുഖലീഫ മേഖലയിലെ ടീം കുമ്മാട്ടിക്കൂട്ടം ഒന്നാം സ്ഥാനവും, ഫഹാഹീൽ മേഖലയിലെ ചിലമ്പ് ടീം (മംഗഫ്
സെന്റ്രൽ യൂണിറ്റ് ) രണ്ടാംസ്ഥാനവും, അബ്ബാസിയ മേഖലയിലെ ടീം പൊൻകതിർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കുട്ടികളുടെ വിഭാഗത്തിൽ ടീം കനൽ (മംഗഫ് E യൂണിറ്റ് ) ഒന്നാം സ്ഥാനവും, ടീം തുടി താളം ( ബാലവേദി അബുലീഫ ) രണ്ടാംസ്ഥാനവും, ടീം മന്ദാരം( ബാലവേദി അബ്ബാസിയ) മൂന്നാം സ്ഥാനവും, പ്രോത്സാഹന സമ്മാനം ടീം കതിർ(ബാലവേദി സാൽമിയ) കരസ്ഥമാക്കി. മത്സരത്തിൽ കാണികളുടെ ഹൃദയം കവർന്ന ടീം ചെമ്പട (ഫഹാഹീൽ സെൻട്രൽ & ഈസ്റ്റ്,വെസ്റ്റ് യൂണിറ്റ് ) ഓഡിയൻസ് പോൾ ട്രോഫിയും കരസ്ഥമാക്കി.
വിജയികളായ ടീമുകൾക്ക് കേന്ദ്ര, മേഖല ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഫിന്റാസ് കോപ്പറേറ്റീവ് ആഡിറ്റോറിയത്തിൽ ഫഹാഹീൽ മേഖല പ്രസിഡന്റ് ദേവദാസ് സെൽവരാജിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ലോകകേരള സഭാംഗം ആർ നാഗനാഥൻ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി ബിജോയ്, പ്രസിഡന്റ് അനൂപ് മങ്ങാട്ട്, ട്രഷറർ അനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വേദിയിൽ വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്, കലാ വിഭാഗം സെക്രട്ടറി നിഷാന്ത് എന്നിവർ സന്നിഹിതരായിരുന്നു. മേഖല ആക്ടിംഗ് സെക്രട്ടറി സജിൻ മുരളി സ്വാഗതം പറഞ്ഞ ചടങ്ങിന് സ്വാഗതസംഘം ജനറൽ കൺവീനർ ജ്യോതിഷ് പിജി നന്ദി പറഞ്ഞു.ഞാറ്റുവേല 2024, പരിപാടിയെ തുടർന്ന് കരിമ്പൊളി പാട്ടുകൂട്ടം കുവൈറ്റ് അവതരിപ്പിച്ച നാടൻപാട്ടുകൾ കാണികൾക്ക് ആവേശം പകരുന്നതായിരുന്നു. നൂറു കണക്കിന് പേരാണ് നാടൻ പാട്ട് ആസ്വദിക്കാൻ എത്തിച്ചേർന്നത്.