'ഭയപ്പെടുത്തി ഭരിക്കുകയെന്ന തന്ത്രമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന്' ഡോ. രാജാ ഹരിപ്രസാദ്.
കുവൈറ്റ് സിറ്റി. 'ഭയപ്പെടുത്തി ഭരിക്കുകയെന്ന തന്ത്രമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന്' കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് 44ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമാപന പൊതുസമ്മേളനം ഉദ് ഘാടനം ചെയ്യ്തു കൊണ്ട് പ്രമുഖ പ്രഭാഷകൻ ഡോ.രാജാ ഹരിപ്രസാദ് പറഞ്ഞു. അതിനെതിരെ കേരളത്തിൽ നിന്നാണ് ശക്തമായ ചെറുത്ത് നില്പുണ്ടാവുന്നതെന്നും, സ്വച്ഛമായി ഉറങ്ങാൻ ഭയം തോന്നുന്നൊരു കാലത്ത് തന്നെപോലുള്ളവർക്ക് ഊർജ്ജ്വം പകരുന്ന അഭിമാനകരമായ അനുഭവമാണ് കലയുടെ സമ്മേളന നഗറിൽ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു. ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ അബ്ബാസിയയിൽ വച്ച് നടന്ന പൊതു സമ്മേളനത്തിന് പ്രസിഡന്റ് ശൈമേഷ് കെ.കെ അധ്യക്ഷത വഹിച്ചു ലോക കേരള സഭാംഗം ആർ.നാഗനാഥൻ, നോർക്ക ഡയറക്ടർ ബോർഡ് അംഗം എൻ. അജിത് കുമാർ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ട്രഷറർ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ബിജോയ്, കേന്ദ്ര കമ്മിറ്റി അംഗം ജെ സജി, മേഖലാ സെക്രട്ടറിമാരായ ജ്യോതിഷ് പി ജി , റിച്ചി കെ ജോർജ് , നവീൻ കെ വി, രഞ്ജിത്ത് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.സമ്മേളനത്തിന് ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതവും ജോയിൻ സെക്രട്ടറി പ്രജോഷ് നന്ദിയും രേഖപ്പെടുത്തി.