കല കുവൈറ്റ് പ്രയാണം-2019 പ്രചാരണത്തിന് തുടക്കമായി
കുവൈറ്റ് സിറ്റി: കേരള ആർട്ട് അസോസിയേഷൻ, കല കുവൈറ്റ് ഈ വർഷത്തെ മെഗാ സാംസ്കാരിക മേളയായ പ്രയാണം 2019-ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അബു ഹലീഫ കല സെന്ററിൽ നടക്കുന്ന ഏകദിന പഠനക്യാമ്പിന്റെ വേദിയിൽ പ്രയാണം-2019 ജനറൽ കൺവീനർ സാം പൈനുംമൂട് കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ എൻ അജിത്ത് കുമാറിന് പരിപാടിയുടെ പോസ്റ്റർ കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് ജനറൽ സെക്രട്ടറി ടികെ സൈജു, വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, അബു ഹലീഫ മേഖല സെക്രട്ടറി ജിതിൻ പ്രകാശ്, മുൻ ഭാരവാഹി നൗഷാദ് സികെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മെയ് 3-ന് ഖാൽദാസിയ യൂണിവേഴ്സിറ്റി തിയേറ്ററിലാണ് പ്രയാണം-2019 അരങ്ങേറുന്നത്. പരിപാടിയിൽ മുഖ്യാതിഥിയായി പ്രമുഖ സ്ത്രീപക്ഷ പ്രവർത്തകയും ചലച്ചിത്രതാരവും നർത്തകിയും ഗായികയുമായ രമ്യ നമ്പീശൻ പങ്കെടുക്കും. ആസാദി, എത്രയെത്ര മതിലുകൾ എന്നീ ഗാനങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ പ്രശസ്ത പിന്നണി ഗായിക പുഷ്പാവതിയുടേയും, പിന്നണി ഗായകൻ അൻവർ സാദത്തിന്റേയും നേതൃത്വത്തിൽ ഗാനസന്ധ്യയും വേദിയിൽ അരങ്ങേറും. കലയുടെ പ്രവർത്തകരുടെ നേതൃത്വത്തിൽ നാല് മേഖലയിൽ നിന്നുമുള്ള കലാപരിപാടികളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണി മുതലാണ് പരിപാടികൾ ആരംഭിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേരളത്തിലും കുവൈറ്റിലുമുള്ള സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
പ്രയാണം 2019-ന്റെ വിജയകരമായ നടത്തിപ്പിനു മുന്നോടിയായി സാം പൈനുംമൂട് ജനറൽ കൺവീനർ ആയും രെഹിൽ കെ മോഹൻദാസ്, രമേശ് കണ്ണപുരം എന്നിവർ കൺവീനർമാരുമായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഇതിന്റെ ഭാഗമായി സജി തോമസ് (ഫിനാൻസ്), ജയൻ ടിവി (സുവനീർ), സുഗതകുമാർ (വാളണ്ടിയർ), ഉണ്ണികൃഷ്ണൻ, ജ്യോതിഷ് പിജി (കലാപരിപാടികൾ), ആസഫ് അലി, രാജേഷ് കെഎം (പബ്ലിസിറ്റി), അനിൽ കൂക്കിരി (ഭക്ഷണം), ശുഭ (റിസപ്ഷൻ), നിസാർ കെവി (റാഫിൾ) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ്കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ നടന്നു വരുന്നു.
പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 60315101, 67765810, 66656642 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.