ബദൽ രാഷ്ട്രീയത്തിന് കുറുക്ക് വഴികളില്ല: പി.എ.മുഹമ്മദ് റിയാസ്

കുവൈറ്റ് സിറ്റി: ബി.ജെ.പി ക്കെതിരായ ബദൽ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിനു കുറുക്കു വഴികളില്ലെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്. കല കുവൈറ്റ് സംഘടിപ്പിച്ച ഒക്ടോബർ അനുസ്മരണത്തിൽ പങ്കെടുത്ത്, “സമകാലിക ഇന്ത്യ..വെല്ലുവിളികളും..പ്രതിരോധവും..” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമെങ്ങും ബി.ജെ.പിക്കെതിരായ ജനവികാരം ഉയർന്നു വരികയാണ്. പക്ഷെ ബി.ജെ.പിക്കെതിരായ ബദലായി കോൺഗ്രസ്സിനെ ജനങ്ങൾ കാണുന്നില്ല. കോൺഗ്രസ്സ് സ്വീകരിക്കുന്ന നവ ഉദാരവത്കരണ നയങ്ങളിൽ മാറ്റം വരുത്താതെയും , ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനും, അതിനെതിരെ സമര പരിപാടികൾ നടത്താനും തയ്യാറാവാതെയും ഒരു ബദൽ സൃഷ്ടിക്കാൻ കോൺഗ്രസ്സിന് കഴിയില്ല. കേവലം തിരഞ്ഞെടുപ്പ് മുന്നണികൾക്കപ്പുറം ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതിന് ഒരു സമര മുന്നണിയായി മാറാൻ കോൺഗ്രസ്സ് ഉൾപ്പടെയുള്ള വലതുപക്ഷ പാർട്ടികൾ തയ്യാറാവണം. കോൺഗ്രസ്സ് പിന്നിട്ട വഴികളിലെ തെറ്റു തിരുത്തി, വിശ്വാസ്യത വീണ്ടെടുക്കണം. ബിജെപി ഉയർത്തുന്ന വർഗ്ഗീയ രാഷ്ട്രീയത്തെ എതിർക്കുന്നതോടൊപ്പം, അവരുടെ സാമ്പത്തിക നയങ്ങൾ എതിർക്കപ്പെടണമെന്നും, ഇന്നത്തെ കോൺഗ്രസ്സ് നേതാക്കൾ നാളെ ബി.ജെ.പി നേതാക്കളായ് മാറുന്ന സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ വെച്ച് നടന്ന പരിപാടിയിൽ കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ അധ്യക്ഷത വഹിച്ചു. ഒക്ടോബർ മാസത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ജോസഫ് മുണ്ടശ്ശേരി, വയലാർ രാമവർമ്മ, ചെറുകാട്, കെ.എൻ.എഴുത്തച്ഛൻ എന്നിവരുടെ അനുസ്മരണക്കുറിപ്പ് കേന്ദ്ര കമ്മിറ്റി അംഗം രംഗൻ അവതരിപ്പിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത്കുമാർ, വിവിധ സംഘടനാ നേതാക്കളായ ചാക്കോ ജോർജ്ജ്കുട്ടി, സത്താർ കുന്നിൽ, സാംസ്കാരിക പ്രവർത്തകൻ മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു. കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന “എന്റെ കൃഷി” കാർഷിക മത്സരത്തിന്റെ ലോഗോ മുഖ്യാതിഥി, കല കുവൈറ്റ് ട്രഷറർ രമേശ് കണ്ണപുരത്തിനു നൽകി പ്രകാശനം ചെയ്തു. സാൽമിയ മേഖല ആക്റ്റിങ് സെക്രട്ടറി വി.അനിൽകുമാർ പരിപാടിയ്ക്ക് നന്ദി രേഖപ്പെടുത്തി. കല കുവൈറ്റ് വൈസ് പ്രസിഡന്റ് കെ.വി.നിസാർ, ജോ:സെക്രട്ടറി പ്രസീത് കരുണാകരൻ എന്നിവർ സംബന്ധിച്ചു.

തുടർന്ന് കല കുവൈറ്റ് പ്രവർത്തകർ അണിയിച്ചൊരുക്കി, ദിലിപ് നടേരി രചനയും, സുരേഷ് തോലമ്പ്ര സംവിധാനവും നിർവഹിച്ച നാടകം “ഭൂപടങ്ങളിലെ വരകൾ” വേദിയിൽ അരങ്ങേറി. കല കുവൈറ്റ് പ്രവർത്തകർ, കുവൈറ്റിലെ സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ തുടങ്ങി നൂറുകണക്കിന് പേർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *