കല കുവൈറ്റ് മാതൃഭാഷാ പഠന പദ്ധതി; ജനകീയ സമിതി രുപീകരിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നടത്തി വരുന്ന ഏറ്റവും വലിയ സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മാതൃഭാഷാ ജനകീയ സമിതി രൂപീകരിച്ചു. അബ്ബാസിയ കല സെന്ററിൽ കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥന്റെ അധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗത്തിൽ കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു ഈ വർഷത്തെ പഠന പ്രവർത്തങ്ങളെക്കുറിച്ച് വിശദീകരിച്ചു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ.സജി സംസാരിച്ചു.

കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരായ ജോൺ മാത്യു, രാഘുനാഥൻ നായർ, ജോൺ തോമസ്, ജോയ് മുണ്ടക്കാടൻ, ജോസഫ് പണിക്കർ എന്നിവർ രക്ഷാധികാരികളായും, സജീവ് എം.ജോർജ്ജ് ജനറൽ കൺവീനറും, ഷാജു വി.ഹനീഫ് കൺവീനറുമായുള്ള സമിതിയാണ് മാതൃഭാഷാ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അനീഷ്‌ കല്ലുങ്കല്‍ (അബ്ബാസിയ), മണിക്കുട്ടന്‍ (അബുഹലീഫ), സജീവ്‌ എബ്രഹാം (ഫഹാഹീൽ), ജോര്‍ജ്ജ് തൈമ്മണ്ണില്‍ (സാൽമിയ) എന്നിവരാണ് മേഖലാ കൺവീനർമാർ. യോഗത്തിന് കല കുവൈറ്റ് ജോ;സെക്രട്ടറി മുസ്ഫർ സ്വാഗതവും, മാതൃഭാഷാ സമിതി ജനറൽ കൺവീനർ സജീവ് എം.ജോർജ്ജ് നന്ദിയും പറഞ്ഞു.

കഴിഞ്ഞ 28 വർഷമായി ഫ്‌ളാറ്റുകളും, സ്‌കൂളുകളും കേന്ദ്രീകരിച്ച് കല നടത്തി വന്നിരുന്ന മാതൃഭാഷാ പഠന പ്രവർത്തനം, കഴിഞ്ഞ വർഷം മുതൽ കേരള സര്ക്കാരിന്റെ മലയാളം മിഷനുമായി ചേർന്നാണ് നടക്കുന്നത്.

‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യത്തോടെ കേരള സർക്കാർ രൂപീകരിച്ച മലയാളം മിഷന്റെ പ്രവർത്തനങ്ങൾ ഗൾഫ് നാടുകളിലെല്ലാം സജീവമായിട്ടുണ്ട്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി തുടങ്ങി നാല് കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത് . നാല് പരീക്ഷകളും വിജയിക്കുന്ന പക്ഷം പത്താം ക്ലാസ്സ് തത്തുല്യ സർട്ടിഫിക്കറ്റാണ് വിദ്യാർത്ഥിക്ക് ലഭിക്കുക. ആദ്യഘട്ടമായ കണിക്കൊന്നയുടെ പരീക്ഷ വിജയകരമായി നടത്തുവാൻ മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിനു സാധിച്ചു. സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള ഒരു സുവർണാവസരമാണിത്. നാട്ടിൽ വിദ്യാഭ്യാസം തുടരേണ്ടി വരുന്ന കുട്ടികൾക്ക് ഭാവിയിൽ ഇത് ഏറെ പ്രയോജനപ്രദമായിരിക്കുമെന്നും, ഈ അവസരം പരമാവധി വിനിയോഗിക്കണമെന്നും കല കുവൈറ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കല കുവൈറ്റിന്റെ നാല് മേഖലകളിലായി ക്‌ളാസ്സുകൾ ആരംഭിച്ചിട്ടുണ്ട്. പഠന പദ്ധതിയിൽ ചേരാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കല കുവൈറ്റ് വെബ്‌സൈറ്റായ www.kalakuwait.com വഴി രെജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ സാംസ്കാരിക പ്രവർത്തനത്തിൽ പങ്കാളികളാകുവാൻ താല്പര്യമുള്ള അദ്ധ്യാപകരും, രക്ഷിതാക്കളും താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

അബ്ബാസിയ – 69330304, 50292779, 24317875, അബുഹലീഫ – 51358822, 60084602, ഫഹഹീല്‍ – 65092366, 97341639, സാല്‍മിയ – 66736369, 66284396

Leave a Reply

Your email address will not be published. Required fields are marked *