കല കുവൈറ്റ് പ്രതിനിധികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ് സിറ്റി: പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളും പരിഹാരങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കല കുവൈറ്റ് പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കല കുവൈറ്റിന്റെ സജീവ പ്രവർത്തകൻ എൻ.അജിത്കുമാറിന്റെ നേതൃത്വത്തിലാണ് സംഘം മുഖ്യമന്ത്രിയെ കണ്ടത്.

നാൽപ്പത് ലക്ഷത്തോളം വരുന്ന ഗൾഫ് മലയാളികൾക്ക് വേണ്ടി 2017ലെ ബഡ്ജറ്റിൽ പദ്ധതികളും, ആവശ്യമായ ഫണ്ടും ഉൾപ്പെടുത്തുക, പ്രവാസി പെൻഷൻ/പങ്കാളിത്ത പെൻഷൻ പ്രഖ്യാപിച്ച് നടപ്പിലാക്കുക, പ്രവാസി തിരിച്ചറിയൽ കാർഡും, ക്ഷേമപദ്ധതികളെയും സംബന്ധിച്ച അവ്യക്തതകൾ ദൂരീകരിക്കുക, സംസ്ഥാന ഹൌസിംഗ് ബോർഡ് മാതൃകയിൽ ‘പ്രവാസി ഹൌസിംഗ് കോർപ്പറേഷൻ രൂപീകരിക്കുക, ബഹുഭൂരിപക്ഷം വരുന്ന കുറഞ്ഞ വരുമാനക്കാരായ ഗൾഫ് മലയാളികളുടെ ഭവന സ്വപ്നം സാക്ഷാൽക്കരിക്കാനുതകുന്ന പദ്ധതികൾ പ്രഖ്യാപിക്കുക. പ്രവാസി പുനരധിവവസത്തിനു പ്രവാസി സംഘടനകളുടെ ക്രിയാത്മക നിർദ്ദേശനങ്ങൾക്കും, സഹകരണത്തിനുമായി വിപുലമായ പ്രവാസി കോൺഫ്രൻസ് വിളിച്ചു ചേർക്കുക,ഗൾഫ് രാജ്യങ്ങളിൽ നോർക്ക പ്രതിനിധികളെ നിയമിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുക, പ്രവാസി വ്യവസായികളുമായും, പ്രവാസി സംഘടനകളുമായും പ്രീ-ബഡ്ജറ് ചർച്ചകൾ സംഘടിപ്പിക്കുക. വിദേശ ജോലി സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനു ഫിനിഷിങ് സ്‌കൂൾ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കണം, നേഴ്‌സസ് റിക്രൂട്ട്മെന്റിൽ നോർക്ക ഇടപെടൽ ഫലപ്രദമാക്കി സ്വകാര്യ റിക്രൂട്ട്മെന്റ് ചൂഷണം അവസാനിപ്പിക്കണം.തുടങ്ങിയ നിർദ്ദേശങ്ങൾ കല കുവൈറ്റ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് മുൻപാകെ മുന്നോട്ട് വെച്ചു. നിർദ്ദേശങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച മുഖ്യമന്ത്രി പ്രവാസി പ്രശ്നങ്ങൾ സമയ ബന്ധിതമായി പരിഹരിക്കുമെന്നും ഉറപ്പ് നല്കി.

Leave a Reply

Your email address will not be published. Required fields are marked *