കുവൈറ്റിൽ കേരള പ്രവാസി ക്ഷേമബോർഡ്  അംഗത്വ ക്യാംപയിൻ: ബോർഡ് ഡയറക്ടർ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസി ക്ഷേമനിധി ബോർഡ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അംഗത്വ ക്യാംപെയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പ്രവാസി ക്ഷേമനിധി ബോർഡിന്റെ വിവിധ   പദ്ധതികളെക്കുറിച്ച് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിശദീകരിച്ചു.

ഇടതുപക്ഷ സർക്കാർ വന്നതിനു ശേഷം മികച്ച പിന്തുണയാണ് പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാത്രം 70000 ത്തിലേറെ പേർ പുതിയതായി ക്ഷേമനിധിയിൽ അംഗത്വമെടുത്തു. ക്ഷേമ പെൻഷൻ ഏകീകരിച്ച് മിനിമം പെൻഷൻ 2000 രൂപയാക്കി വർദ്ധിപ്പിച്ചു. പ്രവാസികൾക്കായ് ഡിവിഡന്റ് പെൻഷൻ  സ്‌കീം, പ്രവാസി വില്ലേജ് തുടങ്ങിയ പദ്ധതികൾ പുതിയ ബോർഡ് നിലവിൽ വന്നതിനു ശേഷം സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്. ബോർഡിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കികൊണ്ടിരിക്കുകയാണ്, അതിന്റെ ഭാഗമായി ഓൺലൈനായി അംഗത്വമെടുക്കുന്നതിനു സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വരുന്ന ഒരു വർഷം കൊണ്ട് കുവൈറ്റിൽ നിന്ന് ഒരു ലക്ഷം പേരെ അംഗത്വമെടുപ്പിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. എല്ലാ ഗൾഫ് രാജ്യങ്ങളിലും വിപുലമായ അംഗത്വ കാമ്പെയിൻ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

അംഗത്വ ക്യാംപെയിനെക്കുറിച്ചും, ക്ഷേമ പദ്‌ധതികളെക്കുറിച്ചും വിശദീകരിക്കുന്നതിനായ് കുവൈറ്റിലെ സംഘടനാ പ്രതിനിധികളുടെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. ഒക്ടോബർ 14, ശനിയാഴ്ച്ച വൈകീട്ട് 7 മണിക്ക് അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ചാണ് യോഗം സംഘടിപ്പിക്കുന്നത്. എല്ലാ സംഘടനാ പ്രതിനിധികളും യോഗത്തിൽ എത്തിച്ചേരണമെന്ന് ഡയറക്ടർ അഭ്യർത്ഥിച്ചു.
കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “എന്റെ കൃഷി” കാർഷിക മത്സരത്തിന്റെ പ്രഖ്യാപനവും വാർത്താ സമ്മേളനത്തിൽ വെച്ച് നടന്നു.  ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി നടത്തി വരാറുള്ള ചിത്രചനാ മത്സരം “മഴവില്ല്-2017” നവംബർ 10നു റിഗ്ഗായ് അൽ-ജവഹറ ഗേൾസ് സ്‌കൂളിൽ വെച്ച് നടക്കുമെന്നും കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.

അബ്ബാസിയ കല സെന്ററിൽ വെച്ച് നടന്ന പത്രമ്മേളനത്തിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ, കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി, ട്രഷറർ രമേശ് കണ്ണപുരം, മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *