കല കുവൈറ്റ് പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്‌ച നടത്തി

കുവൈറ്റ് സിറ്റി: കേരളാ ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്‌ച നടത്തി. ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കുവൈറ്റിൽ ഇന്ത്യക്കാർ നേരിടുന്ന നിരവധി പ്രശ്നങ്ങൾ സംഘം അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി. ഹൃദയ സംബന്ധമായ രോഗങ്ങളുൾപ്പടെ ഗുരുതര രോഗങ്ങളുമായി എത്തുന്ന രോഗികളിൽ ചിലർ ചികിത്സാ ചിലവ് പൂർണ്ണമായി അടക്കാൻ കഴിയാതെ വിവിധ ആശുപത്രികളിൽ കുടുങ്ങിക്കിടക്കുയാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ആളുകൾക്കെങ്കിലും സാമ്പത്തിക സഹായം നൽകുവാൻ എംബസി മുൻകൈ എടുക്കണമെന്ന് സംഘം അഭ്യർത്ഥിച്ചു.

ആയിരക്കണക്കിന് തൊഴിലാളികൾ അധിവസിക്കുന്ന വഫ്രയിൽ നിന്ന് സിറ്റി ഭാഗത്തേക്ക് പബ്ലിക് ട്രാൻസ്പോർട്ട് സൗകര്യം ഏർപ്പെടുത്തുവാൻ അധികൃതരുമായി ബന്ധപ്പെട്ട് നടപ്പിലാക്കുക, ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ പ്രശ്നം പരിഹരിച്ച് എംബസ്സിയുടെ മേൽനോട്ടത്തിലുള്ള ഭരണസമിതിയെ ഉത്തരവാദിത്വം ഏല്പിക്കുക, കുവൈത്തിലെ ഇന്ത്യൻ എഞ്ചിനിയർമാർ നേടുന്ന എൻ.ഓ.സി പ്രശ്നത്തിൽ സർക്കാർ തലത്തിൽ ചർച്ച നടത്തി പരിഹാരം കാണുക എന്നിവ അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്തി.

ഗാർഹിക ജോലികൾക്കായി ഇന്ത്യയിൽ നിന്ന് ആളുകളെ കൊണ്ട് വരുന്നതിനുള്ള വിലക്കി നീക്കി, കർശന നിയന്ത്രണത്തിൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് എംബസി ഇടപെടണമെന്നും, നേരത്തെ ഇൻഡ്യൻ എംബസ്സിയിൽ സംഘടിപ്പിച്ചിരുന്ന വളരെ ഉപകാരപ്രദമായ “ഓപ്പൺ ഫോറം” വീണ്ടും ആരംഭിക്കണമെന്നും, വിവിധ പ്രശനങ്ങളിൽപ്പെട്ടവർക്ക് സഹായകരമാകും വിധം എല്ലാ മാസവും ഇത് നടപ്പാക്കണമെന്നും പ്രതിനിധി സംഘം അംബാസഡറോട് ആവശ്യപ്പെട്ടു.

കല മുന്നോട്ട് വെച്ച നിർദ്ദേശങ്ങളോടെല്ലാം അനുഭാവപൂർണ്ണമായ സമീപനമാണ് അംബാസിഡർ സ്വീകരിച്ചതെന്ന് കല കുവൈറ്റ് ഭാരവാഹികൾ പറഞ്ഞു. കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറ്കടർ എൻ.അജിത് കുമാർ, കല കുവൈറ്റ് ജോ:സെക്രട്ടറി മുസ്ഫർ, വൈസ് പ്രസിഡന്റ് പ്രസീത് കരുണാകരൻ, ട്രഷറർ രമേശ് കണ്ണപുരം, കലയുടെ മുതിർന്ന അംഗം സാം പൈനുംമൂട് എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *