മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല കുവൈറ്റിന്റെ മൂന്നാം ഗഡു 20 ലക്ഷം രൂപ. ഇത് വരെ നൽകിയത് 50 ലക്ഷം

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നാം ഗഡു 20 ലക്ഷം രൂപ നൽകി. ചരിത്രത്തിലിതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള കാലവർഷക്കെടുതി നേരിട്ട നാടിനെ പുനനിർമ്മിക്കുന്നതിന് കല കുവൈറ്റ് ഇത് വരെ 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പ്രകൃതിക്ഷോഭവും, പ്രളയവും തകർത്ത നാടിനോടൊപ്പം നിൽക്കുക എന്ന ലക്ഷ്യത്തോടെ കല കുവൈറ്റ് ഏറ്റെടുത്ത ധനസമാഹരണത്തിന് കുവൈറ്റ് പൊതു സമൂഹത്തിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓണാഘോഷം ഉൾപ്പടെയുള്ള പരിപാടികൾ ഒഴിവാക്കിയാണ് കല കുവൈറ്റ് ഫണ്ട് ശേഖരണത്തിന് ആഹ്വാനം ചെയ്തത്.ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം കലയുടെ നേതൃത്വത്തിൽ നാലു മേഖലകളിലായി തുടരുകയാണ്. ഇതിനു പുറമെ മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചും കല കുവൈറ്റ് ഏറ്റെടുത്തിട്ടുണ്ട്.
ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറായ കല അംഗങ്ങളിൽ നിന്ന് ഗഡുക്കളായ് തുകകൾ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുക്കും. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികൾ ഒന്നിച്ചു നിന്നാൽ ഏത് പ്രതിസന്ധിയേയും മറികടക്കാമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത്, അംഗങ്ങളെയും താല്പര്യമുള്ള പൊതുജനങ്ങളെയും ഇതിന്റെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുകയാണെന്ന് കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പറഞ്ഞു.
#സാലറി_ചാലഞ്ച്
#SalaryChallange
#RebuildKerala
#StandwithKerala
#kala_kuwait