കല കുവൈറ്റ് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകാൻ ആഹ്വാനം

 

കുവൈറ്റ് സിറ്റി: നാട്ടിൽ കാലവർഷത്തെ തുടർന്നുണ്ടായിട്ടുള്ള പ്രകൃതിക്ഷോഭവും പ്രളയവും അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറിയിരിക്കുന്ന സാഹചര്യത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഈ വർഷം നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ ഒഴിവാക്കി. നിലവിലെ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നാടിനോടൊപ്പം നിൽക്കുക എന്നതാണ് നമ്മുടെ കടമയെന്നും ആഘോഷങ്ങൾക്ക് തീരെ പ്രസക്തിയില്ലെന്നും കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് പ്രസീദ് കരുണാകരൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. നാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിന് കല കുവൈറ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിലേക്ക് കുവൈറ്റ് പൊതു സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള ഇടപെടലുകളിലൂടെ പരമാവധി സഹായം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കലയുടെ പ്രവർത്തകർ നടത്തി വരുന്നു. എത്രയും വേഗം ഇതു പൂർത്തീകരിച്ച് സഹായം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായും പത്രക്കുറിപ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *