രാജ്യത്തെ മതനിരപേക്ഷത അപകടത്തിൽ; എം.സ്വരാജ്‌

കുവൈറ്റ്‌ സിറ്റി: രാജ്യത്തെ മതനിരപേക്ഷത അപകടത്തിലെന്ന് എം.സ്വരാജ്‌ എം.എൽ.എ. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ സംഘടിപ്പിച്ച ഇ.എം.എസ്‌, ഏ.കെ.ജി, ബിഷപ്പ്‌ പൗലൊസ്‌ മാർ പൗലോസ്‌ അനുസ്മരണ സമ്മേളനത്തിൽ ‘വർത്തമാനകാല ഇന്ത്യ, സമകാലിക കേരളം’ എന്ന വിഷയത്തെ അധികരിച്ച്‌‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത സംരക്ഷിക്കേണ്ട ബാധ്യത കോൺഗ്രസ്സിനുണ്ട്‌, നിർഭാഗ്യവശാൽ കോൺഗ്രസ്സ്‌ അതിനു ശ്രമിക്കുന്നില്ല. കേരളത്തിൽ പോലീസ്‌ നടപടികൾ എല്ലാ കാലത്തും വിമർശനത്തിനു വിദേയമാകാറുണ്ട്‌. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ എൽ.ഡി.എഫ്‌ സർക്കാർ കുഴപ്പക്കാരായ പോലീസുകാർക്കെതിരെ നടപടികളെടുക്കുന്നുണ്ട്‌. സിനിമാ ഹാളിൽ മാത്രം ദേശീയ ഗാനം നിർബന്ധമാക്കിയതിന്റെ യുക്തി തനിക്ക് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു.മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും പേരുകേട്ട ഇന്ത്യയിൽ അതിനെതിരായ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണു ഇതിനായി നിലകൊണ്ട ഇ.എം.എസ്‌, ഏ.കെ.ജി എന്നിവരെ നാം അനുസ്മരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗതകുമാറിന്റെ അദ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞു. മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ്‌ അനുസ്മരണക്കുറിപ്പ്‌ അവതരിപ്പിച്ചു. നൂറു കണക്കിനു കല പ്രവർത്തകരും, സംഘടനാ പ്രതിനിധികളും, മാധ്യമ പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളായ സത്താർ കുന്നിൽ, ബഷീർ ബാത്ത, അജിത്‌ കുമാർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ വെച്ച് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല കുവൈറ്റ് പ്രവർത്തകൻ മധുസൂദനൻ പിള്ളയ്ക്ക് കലയുടെ സ്നേഹോപഹാരം എം.സ്വരാജ് കൈമാറി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ തിങ്ങിക്കൂടിയ നിറഞ്ഞ സദസ്സിന് കല കുവൈറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ കെ.വി. നിസാർ നന്ദി രേഖപ്പെടുത്തി. കല കുവൈറ്റ് പ്രവർത്തകർ നടത്തിയ സംഗീത പരിപാടികളോടെയാണ് സമ്മേളനം ആരംഭിച്ചത്. കല കുവൈറ്റ് ട്രഷറർ രമേശ് കണ്ണപുരം, ജോ: സെക്രട്ടറി പ്രസീത് കരുണാകരൻ, അബ്ബാസിയ മേഖലാ സെക്രട്ടറി മൈക്കിൾ ജോൺസൺ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *