ബാലവേദി കുവൈറ്റ് ഫഹാഹീൽ-അബു ഹലീഫ മേഖല റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

ബാലവേദി കുവൈറ്റ് ഫഹാഹീൽ-അബു ഹലീഫ മേഖലയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. മംഗഫ് കല ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ആഘോഷ പരിപാടികൾ കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമ്മേളനത്തോടെ ആരംഭിച്ച പരിപാടിക്ക് കുമാരി ആൻസിലി തോമസ് സ്വാഗതം ആശംസിച്ചു. കുമാരി നിവേദിത നായരുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മാസ്റ്റർ അഭിരാം അനൂപ് റിപ്പബ്ലിക്ക് സന്ദേശം നൽകി. ബാലവേദി കുട്ടികൾ അവതരിപ്പിച്ച സ്വാഗതഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാരി സമിതി ജനറൽ കൺ‌വീനർ രഹിൽ കെ. മോഹൻ‌ദാസ് ആമുഖ സംഭാഷണം നടത്തി. ചടങ്ങിൽ വെച്ച് ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ബാലവേദി കുവൈറ്റിന്റെ മുതിർന്ന അംഗം സ്നേഹ അനിൽ കൂക്കിരിക്കുള്ള സ്നേഹോപഹാരം ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാരി സമിതി ചെയർമാൻ സജീവ് എം. ജോർജ്ജ് വേദിയിൽ വെച്ച് കൈമാറി. പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് പരിപാടിയുടെ പ്രായോജകരായ ഗ്രൂപ്പ് സർവീസസ് കമ്പനിയുടെ പ്രതിനിധി മുഹമ്മദ് കെ.സി, വനിതാവേദി കുവൈറ്റ് പ്രസിഡന്റ് ശാന്താ ആർ. നായർ എന്നിവർ സംസാരിച്ചു. കല കുവൈറ്റ് അബു ഹലീഫ മേഖല സെക്രട്ടറി എം.പി. മുസ്ഫർ, ഫഹാഹീൽ മേഖല സെക്രട്ടറി ജിജൊ ഡൊമിനിക്ക് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങിന് ബാലവേസി കുവൈറ്റ് ഫഹാഹീൽ യൂണിറ്റിലെ ഋദ്വൈത് ഗോപിദാസ് നന്ദി രേഖപ്പെടുത്തി.
റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ രണ്ട് മേഖലകളിൽ നിന്നുമായി 10 യൂണിറ്റുകൾ പങ്കെടുത്തു. മത്സരത്തിൽ അഭിരാമി ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള ടീമിന് ഒന്നാം സമ്മാനവും വൃന്ദവിനുരാജിന്റെ നേതൃത്വത്തിൽ പങ്കെടുത്ത ടീമിന് രണ്ടാം സമ്മാനവും, പാർവ്വതി ഷൈനിന്റെ നേതൃത്വത്തിൽ പങ്കെടുത്ത ടീമിന് മൂന്നാം സമ്മനവും ലഭിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പരിപാടിക്ക് എത്തിച്ചേർന്ന കുട്ടികളേയും രക്ഷിതാക്കളേയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ചോദ്യോത്തര പരിപാടി വലിയ ആവേശമായി. പരിപാടിക്ക് സനൽ കുമാറും, സിജു വിൻസെന്റും നേതൃത്വം നൽകി. തുടർന്ന് കുവൈറ്റിലെ പ്രമുഖ മജീഷ്യൻ ടോം തോമസ് അവതരിപ്പിച്ച് മാജിക് ഷോ കുട്ടികൾക്ക് കൗതുകവും അറിവും പകർന്നു നൽകുന്നതായി. മത്സരവിജയികൾക്ക് കല കുവൈറ്റ് കേന്ദ്ര-മേഖല ഭാരവാഹികൾ സമ്മാനങ്ങൾ കൈമാറി. മത്സരത്തിന്റെ വിധികർത്താക്കൾക്ക് ബാലവേദിയുടെ സ്നേഹോപഹാരം കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റി അംഗം രംഗൻ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *