സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്ന് മലബാർ കലാപത്തിന് നേതൃത്വം നല്‍കിയവരെ നീക്കം ചെയ്യാനുള്ള തീരുമാനം പ്രതിഷേധാർഹം: കല കുവൈറ്റ്.

സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്ന് മലബാർ കലാപത്തിന് നേതൃത്വം നല്‍കിയവരെ നീക്കം ചെയ്യാനുള്ള തീരുമാനം പ്രതിഷേധാർഹം: കല കുവൈറ്റ്
കുവൈറ്റ് സിറ്റി: സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്ന് മലബാർ കലാപത്തിന് നേതൃത്വം നല്‍കിയവരെ നീക്കം ചെയ്യാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്. വർഗീയമായ സ്വഭാവമുണ്ടെന്ന് വരുത്തിത്തീർത്തുകൊണ്ട് സ്വാതന്ത്ര്യ സമരങ്ങളെ അപനിർമ്മിക്കുന്നതിനായി ബ്രിട്ടീഷുകാർ നടത്തിയ ശ്രമങ്ങളെ പിന്തുടരാനാണ് കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നത്. രാജ്യത്തെ ഒരു വിഭാഗം മത സമൂഹത്തിൻ്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ വർഗീയമാണെന്ന് വരുത്തിത്തീർത്തുകൊണ്ട് അവരെ ശത്രുപക്ഷത്ത് നിറുത്തുന്നതിനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് മലബാര്‍ കലാപത്തിന്റെ നേതാക്കളായിരുന്ന വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയും ആലി മുസിലായരും ഉള്‍പ്പെടെ 387 പേരുടെ പേരുകള്‍ സ്വാതന്ത്ര്യ സമരസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കാന്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ തീരുമാനിച്ചിട്ടുള്ളത്. ചരിത്രത്തെ നിരാകരിക്കുന്ന ഈ വർഗീയ ഫാസിസ്റ്റ് നടപടികൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഇതിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും കല കുവൈറ്റ് പ്രസിഡൻ്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സികെ നൗഷാദ് എന്നിവർ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.