രാജ്യത്ത്‌ ജനാധിപത്യം ഹനിക്കപ്പെടുന്നു: ഇടുക്കി എം.പി ജോയ്സ്‌ ജോർജ്ജ്‌

കുവൈറ്റ് സിറ്റി: രാജ്യത്ത്‌ ജനാധിപത്യം ഹനിക്കുന്ന പ്രവർത്തികളാണു ഭരണാധികാരികളിൽ നിന്നുണ്ടാകുന്നതെന്ന് ഇടുക്കി എം.പി ജോയ്സ്‌ ജോർജ്ജ്‌. നോട്ട്‌ നിരോധനം പോലുള്ള വിഷയങ്ങ‌ളിൽ പ്രധാനമന്ത്രി ഏകാധിപതിയെപ്പോലെയാണു പെരുമാറുന്നത്‌. ഇത്‌ രാജ്യത്തെ പിന്നോട്ടടിക്കും. കേരള ആർട്ട് ലവേഴ്സ് അസോസിയേസൻ, കല കുവൈറ്റ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട്‌ നിരോധനം രാജ്യത്തെ കാർഷിക-ഉൽപാദന മേഖലയിലും, അസംഘടിത തൊഴിലാളികളേയും സാരമായി ബാധിച്ചുവെന്നും, കേരളത്തിലെ ഇടതുപക്ഷ സർക്കാർ പ്രതീക്ഷയ്ക്ക്‌ വക നൽകുന്ന പ്രവർത്തനമാണു കാഴ്ച്ച വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അബ്ബാസിയ കല സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗതകുമാർ അദ്ധ്യക്ഷത വഹിച്ചു.

പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുന്ന ഫർവാനിയ ഈസ്റ്റ്‌ യൂണിറ്റംഗം ഉണ്ണിലാലിനു കലയുടെ സ്നേഹോപഹാരം പരിപാടിയിൽ വെച്ച്‌ ജോയ്സ്‌ ജോർജ്ജ്‌ കൈമാറി.

ചടങ്ങിന് ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞു. അബ്ബാസിയ മേഖല സെക്രട്ടറി മൈക്കിൾ ജോൺസൺ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *